തെക്ക് കിഴക്കന്‍ അലാസ്കയ്ക്ക് മുകളിലൂടെ പറന്നതായി കഴിഞ്ഞ ഫെബ്രുവരി 11 ന് കണ്ടെത്തിയ ബലൂണ്‍ ഒരു അമേരിക്കന്‍ ഹോബി ഗ്രൂപ്പിന്റേതെന്ന് സംശയം. അധികൃതര്‍ ബലൂണ്‍ വെടിവെച്ചിട്ട ദിവസത്തിന് ശേഷം തങ്ങളുടെ പിക്കോ ബലൂണുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് വടക്കന്‍ ഇല്ലിനോയിസ് ബോട്ടില്‍ക്യാപ്പ് ബലൂണ്‍ ബ്രിഗേഡ് വ്യക്തമാക്കി.
താപനില, ഈര്‍പ്പം, മര്‍ദ്ദം അല്ലെങ്കില്‍ കാറ്റിന്റെ പ്രവാഹങ്ങള്‍ എന്നിവ അളക്കാന്‍ കഴിയുന്ന ട്രാക്കറുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഒരു ചെറിയ ബലൂണാണ് പിക്കോ ബലൂണ്‍. സൈന്യം വെടിവെച്ചിട്ട മൂന്ന് ബലൂണുകളില്‍ ഒന്നായിരിക്കാം ഇതെന്നാണ് നിഗമനം.
വടക്കന്‍ ഇല്ലിനോയിസ് ബോട്ടില്‍ക്യാപ്പ് ബലൂണ്‍ ബ്രിഗേഡ് വ്യക്തമാക്കുന്നത് അനുസരിച്ച് ആറ് തവണ ലോകം ചുറ്റിയ ബലൂണാണിത്. അലാസ്കയുടെ തെക്ക് പടിഞ്ഞാറ് കോണിലുള്ള ഹാഗെമിസ്റ്റര് ദ്വീപിനടുത്താണെന്ന് അവസാനമായി ബലൂണ്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ നിലച്ചത്.
പ്രക്ഷേപണങ്ങള്ക്കിടയില് കാര്യമായ ഇടവേളകള്‍ ഉണ്ടാകുന്നത് അസാധാരണമല്ലെന്ന് സ്ഥാപനം അതിന്റെ വെബ്സൈറ്റില്‍ പറഞ്ഞു. മുമ്പ് 30 ദിവസം വരെയുള്ള ഇടവേളകളില്‍ ബലൂണില്‍ നിന്ന് പ്രക്ഷേപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സോളാര്‍ പാനലുകള്‍ക്ക് സൂര്യപ്രകാശത്തിന്റെ ലഭ്യതയിലുണ്ടാകുന്ന വ്യത്യാസം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.
10 അംഗങ്ങളുമായി 2021 ല്‍ സ്ഥാപിതമായ ഗ്രൂപ്പ് 47,000 അടി വരെ ഉയരമുള്ള ഹൈഡ്രജന്‍ നിറച്ച ബലൂണില്‍ ജിപിഎസ് ട്രാക്കിംഗും ആന്റിനകളുമുള്ള ചെറിയ ട്രാന്‍സ്മിറ്ററുകള്‍ അയയ്ക്കുന്നുണ്ട്. കൂടാതെ രണ്ട് ബലൂണുകള്‍ ലോകമെമ്പാടും സഞ്ചരിക്കുന്നു. അതേസമയം അധികാരികള്‍ താഴെയിറക്കിയ ബലൂണ്‍ തങ്ങളുടേതാണെന്ന് ഇതുവരെ വസ്തുതാപരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഗ്രൂപ്പ് വ്യക്തമാക്കി.
Discussion about this post