അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അഭിഭാഷകന്റെ വെളിപ്പെടുത്തലിനെച്ചൊല്ലി യുഡിഎഫിലും മുസ്ലിംലീഗിലും ഭിന്നത മുറുകുന്നു. യു.ഡി.എഫ് ഏകോപന സമിതി യോഗത്തില്‍ നിന്നും കെ.സുധാകരന് വിട്ടുനില്‍ക്കുന്നത് ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണെന്നാണ് സൂചന.
പുതിയ വെളിപ്പെടുത്തല്‍ മുസ്ലിം ലീഗിലും തര്‍ക്കമായി മാറിയിട്ടുണ്ട്. നേരത്തെ സി.പി.ഐ.എമ്മിനോടുള്ള മൃദുസമീപനം ആരോപിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ വിഭാഗം തന്നെയാണ് ഈ വിഷയവും ഏറ്റെടുത്തിരിക്കുന്നത്.
കുഞ്ഞാലികുട്ടിക്കെതിരെ ഏറെ നാളുകളായി ശക്തമായ അണിയറ നീക്കം നടത്തുന്ന കെ എം ഷാജിയാണ് അഭിഭാഷകനെ മുന്‍നിര്‍ത്തിയുള്ള നീക്കത്തിന് പിന്നിലെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗം പറയുന്നത്. കെ സുധാകരനും കണ്ണൂരില്‍ നിന്നുള്ള ഒരു വിഭാഗം ലീഗ് നേതാക്കളുമാണ് ഷാജിയെ പിന്തുണയ്ക്കുന്നതെന്നും ഇവര്‍ പറയുന്നു.
നേരത്തെ സിപിഐഎമ്മിനോട് കുഞ്ഞാലിക്കുട്ടി മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആക്ഷേപം കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ഉന്നയിച്ചിരുന്നു. സിപിഐഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളില്‍ മറുപടി പറയാനോ ഇടപെടാനോ ഇല്ലായെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെയും എതിര്‍ചേരി രംഗത്ത് വന്നിരുന്നു. കുഞ്ഞാലിക്കുട്ടിയെ ഈ നിലപാടിനെ തള്ളിപറഞ്ഞ് കെപിഎ മജീദ്, കെഎം ഷാജി, പികെ ഫിറോസ് എന്നിവര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതോടെ മുന്‍നിലപാടില്‍ നിന്ന് പിന്നാക്കം പോകാന്‍ കുഞ്ഞാലിക്കുട്ടിയും നിര്‍ബന്ധിതനായിരുന്നു.
Discussion about this post