കെ.എസ്.ആര്.ടി.സിയില്‍ ഡിജിറ്റലായി ടിക്കറ്റ് തുക കൈമാറുന്ന പദ്ധതി പ്രഖ്യാപനത്തിലേ പാളി. ബസില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാമെന്നായിരുന്നു കെഎസ്ആര്‍ടിസി അറിയിച്ചിരുന്നത്. എന്നാല്‍, ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് അറിയില്ലെന്നാണ് ഡിപ്പോ അധികൃതര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജു പദ്ധതി ഉദ്ഘാടനം ചെയ്ത് ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഒരു വിവരവും കണ്ടക്ടമാര്ക്ക് നല്‍കിയില്ല.
കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലേക്കാണ് ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക എത്തുകയായിരുന്നു ലക്ഷ്യമിട്ടത്. തുക എത്തിയെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പു വരുത്തിയ ശേഷമേ ടിക്കറ്റ് നല്‍കുകയുള്ളൂ. എന്നാല്‍, കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ പണമെത്തിയോ എന്ന കാര്യം എങ്ങനെ അറിയുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ഇക്കാര്യം പദ്ധതി നടപ്പാക്കാനായി ഏല്പിച്ച ഏജന്‍സി ഇപ്പോള്‍ ചിന്തിക്കുന്നതേയുള്ളൂ.
പദ്ധതി നടപ്പിലാക്കുമ്പോള്‍ എല്ലാ ബസുകളിലും ഫോണ്‍പേ സംവിധാനം കൊണ്ടു വരണോയെന്നും ദീര്‍ഘദൂര ബസുകളില്‍ മാത്രം നിജപ്പെടുത്തണോയെന്ന കാര്യത്തിലും തീരുമാനം എടുത്തിട്ടില്ല. യാത്രക്കാരന് നല്കുന്ന ടിക്കറ്റ് പണമെത്തിയോ എന്ന കാര്യത്തില്‍ കണ്ടക്ടര്‍മാര്‍ ഉറപ്പു വരുത്തിയില്ലെങ്കില്‍ സ്വന്തം കീശയില്‍ നിന്നും പണം നല്‍കേണ്ട അവസ്ഥ ഉണ്ടാകും. ഇതു ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ട് പദ്ധതി നടപ്പിലാക്കിയാല്‍ മതിയെന്ന് കെഎസ്ആര്‍ടിസിയെ സംഘടനകള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post