ജാര്‍ഖണ്ഡ് നടി ഇഷ ആല്യ വെടിയേറ്റു മരിച്ചു. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയില്‍ വെച്ചാണ് നടിയെ കൊലപ്പെടുത്തിയത്. ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്കു വെടിയേറ്റതെന്നു പൊലീസ് വ്യക്തമാക്കി.
ഭര്‍ത്താവും സംവിധായകനുമായ പ്രകാശ് കുമാര്‍, മൂന്നു വയസുള്ള മകള്‍ എന്നിവര്‍ക്കൊപ്പം റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുമ്പോഴാണ് ഇവരുടെ കാറിന് നേരെ ആക്രമണമുണ്ടാവുന്നത്.
പ്രകാശ് കുമാറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും സംഭവം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ ഫാക്ടറിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയുടെ ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
”കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്നു ഇഷയും കുടുംബവും. രാവിലെ ആറുമണിയോടെ വിജനമായ ഒരിടത്തെത്തിയപ്പോള്‍ വിശ്രമിക്കാനായി കാര്‍ നിര്‍ത്തി. ഈ സമയത്ത് മൂന്നുപേര്‍ ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെ തൊട്ടടുത്തുവെച്ചുതന്നെ ഇഷയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.” പോലീസ് ഉദ്യോ?ഗസ്ഥന് അറിയിച്ചു.
ആക്രമണം നടക്കുമ്പോള്‍ ഇഷയും കുഞ്ഞും കാറിലായിരുന്നുവെന്ന് പ്രകാശ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ പഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ക്ക് വെടിയേറ്റതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്നത് വിജനമായ സ്ഥലത്തായതിനാല്‍ സഹായം ലഭിക്കാന്‍ പ്രകാശിന് രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വന്നെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു. പ്രദേശത്തെ ഉലുബേരിയ ആശുപത്രിയില്‍ വെച്ചാണ് നടിയുടെ മരണം സ്ഥിരീകരിച്ചത്.
Discussion about this post