സാമ്പത്തിക പ്രതിസന്ധി മൂലം അമേരിക്കയിലെ പാകിസ്ഥാന് എംബസിയുടെ പ്രതിരോധ വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം വില്‍പ്പനയ്ക്ക്. കെട്ടിടം വാങ്ങാന്‍ ഇന്ത്യക്കാരനടക്കം രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഷിങ്ടണിലുള്ള കെട്ടിടം വാങ്ങാന്‍ അഞ്ച് മില്യണ്‍ ഡോളറാണ് (41.42 കോടി രൂപ) റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഇന്ത്യക്കാരന് ലേലത്തുകയായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് കക്ഷികളാണ് ഈ കെട്ടിടം സ്വന്തമാക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളത്. ഏറ്റവുമധികം തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ഒരു ജൂതസംഘമാണ്. 6.8 കോടി ഡോളറാണ് (56.33 കോടി രൂപ) ഇവര്‍ നല്കാന് തയ്യാറായിട്ടുള്ളത്. ജൂത ആരാധനാലയം പണികഴിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. പാകിസ്ഥാനില്‍ നിന്നാണ് മൂന്നാമത്തെ കക്ഷി. ഇദ്ദേഹത്തിന്റെ ലേലത്തുക നാലു മില്യണ്‍ ഡോളറാണ് (33.13 കോടി രൂപ).
വാഷിങ്ടണില്‍ പാകിസ്ഥാന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഭൂസ്വത്തുക്കളില്‍ ആര് സ്ട്രീറ്റിലാണ് ഈ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടം വില്ക്കാന് തയ്യാറെടുക്കുന്നതായി പാകിസ്ഥാനി എംബസി ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.
1950 മുതല്‍ 2000 വരെയുള്ള കാലയളവില്‍ എംബസിയുടെ പ്രതിരോധവിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. പഴയ കെട്ടിടം ഇപ്പോള്‍ നിലവിലുള്ളതു പോലെ വില്‍ക്കണോ അതോ പുതുക്കിപ്പണിതതിന് ശേഷം വില്‍ക്കണോ എന്ന കാര്യം ഒരു അപ്രൈസറുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും എംബസി വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post