കരിപ്പൂര്‍ വിമാനത്താവളം വഴി 19 കാരി ഒരുകോടി രൂപയുടെ സ്വര്‍ണം കടത്തിയത് ഒരു ലക്ഷം രൂപയ്ക്കും വിമാന ടിക്കറ്റിനും വേണ്ടിയെന്ന് മൊഴി. കാസര്‍കോട് സ്വദേശി ഷഹല താന്‍ സ്വര്‍ണം കടത്തിയത് ഒരു ലക്ഷം രൂപയ്ക്കും വിമാന ടിക്കറ്റിനും വേണ്ടിയാണെന്നാണു പോലീസിന് മൊഴി നല്‍കിയത്.
സാമ്പത്തികമായ ആവശ്യം ഉള്ളതിനാലാണ് ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതെന്നും വിമാനത്തവളത്തിനു പുറത്തുവന്നാല്‍ സ്വര്‍ണം കൊണ്ടുപോകാനുള്ളവര്‍ എത്തുമെന്നും സ്വര്‍ണം ഇവരെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശമെന്നും യുവതി പോലീസിനോട് പറഞ്ഞു.
കാരിയറാകാന്‍ ഒരു പേടിയും വേണ്ടെന്നും സ്ത്രീകളെ പരിശോധനയില്‍ ഒരിക്കലും പിടികൂടില്ലെന്നും സ്വര്‍ണക്കടത്ത് സംഘം പറഞ്ഞു. സ്വര്‍ണവുമായി വിമാനത്തവളത്തിനു പുറത്തുവന്നാല്‍ പുറത്തുനില്ക്കുന്നവര് വാട്സാപ്പില്‍ കോള്‍ ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.
ഇവര്ക്കുപണം കൈമാറാനാണ് നിര്‍ദേശം ലഭിച്ചതെന്നു യുവതി മൊഴി നല്കി. ഷഹലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ഇവരെ ജാമ്യത്തില്‍ വിട്ടു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
അടിവസ്ത്രത്തുനുള്ളില്‍ വിദഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച സ്വര്‍ണ മിശ്രിതമാണ് ഷഹലയില്നിന്നു പോലീസ് പിടികൂടിയത്. ദുബായില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കൊണ്ടുവന്ന 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് വിമാനത്താവളത്തിനു പുറത്ത് വെച്ച് പോലീസ് പിടിച്ചെടുത്തത്.
Discussion about this post