ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ഭീമ ഹര്‍ജി നല്‍കാനൊരുങ്ങി ഫ്രഞ്ച് ആരാധകര്‍. ഇതിനായി രണ്ട് ലക്ഷത്തിലേറെ പേര് നിലവില്‍ ഒപ്പിട്ടു കഴിഞ്ഞു. മത്സരത്തില്‍ റഫറിയിങിലെ പിഴവുകളാണ് അര്‍ജന്റീനയ്ക്ക് വിജയം ഒരുക്കിയതെന്നാണ് ഫ്രഞ്ച് ആരാധകര്‍ ആരോപിക്കുന്നത്.
ഫൈനലില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ എക്സ്ട്രാ ടൈമിനുശേഷം സ്കോറുകള്‍ 3-3ന് സമനിലയിലായപ്പോള്‍ പെനാല്‍റ്റിയില്‍ അര്‍ജന്റീന 4-2ന് ഫ്രാന്‍സിനെ തോല്പിച്ച് കപ്പ് നേടുകയായിരുന്നു.
‘ഫ്രാന്‍സ് 4 എവര്‍’ ന്റെ നേതൃത്വത്തിലാണ് നിവേദനം നല്കാന് തയാറെടുപ്പ് നടത്തുന്നത്. ‘ഈ മത്സരം ഒരിക്കലും പെനാല്‍റ്റിയിലേക്ക് പോകില്ലായിരുന്നു. മാത്രമല്ല, അര്‍ജന്റീനയുടെ രണ്ടാം ഗോളിന് കൈലിയന്‍ എംബാപ്പെയെ ഫൗള്‍ ചെയ്യുകയും ചെയ്തു’ എന്നും ഹര്‍ജിയില്‍ പറയുന്നു.
എക്സ്ട്രാ ടൈമില്‍ അര്‍ജന്റീനയെ മുന്നലെത്തിച്ച ഗോള്‍ നേടിയതും അര്‍ജന്റൈന്‍ നായകന് തന്നെയായിരുന്നു. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ ഒരു രക്ഷപ്പെടുത്തലില്‍ നിന്ന് ലഭിച്ച പന്ത് മെസി ഗോള്‍ വര കടത്തുകയായിരുന്നു. താരം ഓഫ്സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാര് പരിശോധനയില്‍ അല്ലെന്ന് വ്യക്തമായിരുന്നു.
പക്ഷേ, ഈ ഗോളിനെ ചൊല്ലി വിവാദം ഉയര്‍ന്നു. ലിയോണല്‍ മെസിയുടെ ആ ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ചിലര്‍ വാദിക്കുന്നത്. അര്‍ജന്റീന നായകന് ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോള്‍ തന്നെ കുറച്ച് അര്‍ജന്റീന താരങ്ങള്‍ സൈഡ് ലൈന്‍ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
Discussion about this post