ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. എല്ലാവരും വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശമിറക്കി. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം നിര്‍ദേശം നല്കി.
സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ കുറവാണെങ്കിലും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കോവിഡ് വര്‍ധന കണക്കിലെടുത്താണ് ജില്ലകള്‍ക്ക് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രതവേണമെന്നും മുന്നറിയിപ്പ് നല്കുന്നു.
പ്രായമായവരുടെയും അനുബന്ധ രോഗമുള്ളവരുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേകം കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണമെന്ന മുന്‍നിര്‍ദേശം യോഗം ആവര്‍ത്തിച്ചു. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്സിന് എടുക്കാത്ത എല്ലാവരും വാക്സിന് എടുക്കണം. രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്താന്‍ യോഗം നിര്‍ദേശം നല്കി.
സംസ്ഥാനത്ത് നിലവില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. ഡിസംബറില്‍ ഇതുവരെ 1431 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 51 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നിരുന്നാലും ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post