കേരളത്തിലെ റോഡ് വികസനത്തില്‍ കേന്ദ്ര സര്‍ക്കാറിനെ നിയമസഭയില്‍ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഔട്ടര്‍ റിങ് റോഡ് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്. തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട റോഡായാണ് പദ്ധതി വരുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ ആവശ്യമായ സഹകരണം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡിന്റെ ഇരുവശങ്ങളിലായി വലിയ തോതില്‍ മറ്റു പദ്ധതികള്‍ ആരംഭിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞം-നാവായിക്കുളം, തേക്കട-മംഗലപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനമിറക്കി. 324.75 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച വിജ്ഞാപനമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. നെയ്യാറ്റിന്‍കര, കാട്ടാക്കട, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ 30 വില്ലേജുകളിലെ ഭൂമിയാണ് റോഡിനായി ഏറ്റടുക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ സ്ഥലമെടുപ്പിനാണ് ഇതോടെ കളമൊരുങ്ങുന്നത്.
ജനുവരിയില്‍ റോഡ് നിര്‍മിക്കാനുള്ള കേന്ദ്ര അംഗീകാരം ലഭിച്ചതോടെയാണ് ഭൂമിയേറ്റെടുക്കലിന് നടപടികള്‍ തുടങ്ങിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മാണം. 4871 കോടി രൂപയുടേതാണ് പദ്ധതി.
Discussion about this post