ആലപ്പുഴ:ഇ. എം.എസ് സ്റ്റേഡിയത്തിൽ നടന്നുവന്ന കയർ കേരളയ്ക്ക് സമാപനമായി. 399 കോടിരൂപയുടെ കയർ വിപണി ലക്ഷ്യമിട്ടുള്ള ധാരണ പത്രങ്ങളിൽ ഒപ്പുവച്ചുകൊണ്ടാണ് കയർ കേരള-2019 സമാപിക്കുന്നതെന്ന് ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. സമാപനസമ്മേളനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര മേഖലയിൽ കയർ ഉൽപന്നങ്ങളുടെ വിപണിക്ക് ഏറെ സാധ്യതകൾ ഉണ്ടെന്നും അത് ഉപയോഗപ്പെടുത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കയർ മേഖലയിൽ സ്റ്റാർട്ടപ്പ് ഉണ്ടാകണം. കയർഭൂവസ്ത്രത്തിൻറെ സംരംഭകരായി ചെറുപ്പക്കാരെ പരിശീലിപ്പിച്ചു കൊണ്ടുവരുന്നതിന് സർക്കാർ പദ്ധതി രൂപവത്കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഈ സർക്കാർ ക്ഷേമപെൻഷനുകൾ വർധിപ്പിച്ചു. അത് വീടുകളിൽ എത്തിക്കുന്നു. കയർ തൊഴിലാളികളുടെ കൂലി വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിന് ഈ കയർ കേരള കൂടുതൽ സഹായകമായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 16 -17 കാലത്ത് 7000 ടൺ കയർ ഉൽപാദനം ഉണ്ടായിരുന്ന സ്ഥാനത്ത് സർക്കാർ ഇടപെടലിന്റെ ഭാഗമായി ഇപ്പോൾ 10,000 ടൺ ആയി വർധിച്ചിരിക്കുകയാണ്.
പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർക്കാർ ഇടപെടലുകൾ വഴി കയർമേഖലയ്ക്ക് പുനരുദ്ധാരണം നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഭൂവസ്ത്രത്തെ പൊതുമരാമത്ത് വകുപ്പിന് ഒരു നിർമാണ സാമഗ്രിയായി ഇപ്പോൾ അംഗീകരിക്കാൻ കഴിഞ്ഞു. ഇത് പൊതുമരാമത്ത് മാന്വലിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രി സുധാകരൻ വ്യക്തമാക്കി . ധനമന്ത്രി ടി എം തോമസ് ഐസക് കയർ കേരള-19 സമഗ്രമായ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. 399 കോടിരൂപയുടെ വിപണി തുറന്നു കൊണ്ടുള്ള ധാരണ പത്രങ്ങളിൽ ഒപ്പുവെക്കാൻ കയർ കേരള വഴി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. 218 കോടി രൂപയുടെ കയറ്റുമതി , അഭ്യന്തര വിപണിയിൽ നിന്നുള്ള 181 കോടി എന്നിവയാണ് കയർ കേരള വഴി തുറക്കപ്പെട്ടത്. 103 കോടി രൂപയുടെ കയർ ഭൂവസ്ത്രങ്ങൾക്ക് വേണ്ടിയുള്ള കരാറിൽ ഏർപ്പെടാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുന്നോട്ടു വന്നു. ഇതുവഴി തൊഴിലുറപ്പ് ഉൾപ്പെടെയുള്ള തൊഴിൽ ദിനങ്ങൾ വർധിപ്പിക്കാൻ കഴിയും. കയർ വ്യവസായത്തിന് കയർ ഉൽപ്പാദക സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പിക്കാൻ കഴിഞ്ഞു. പരമ്പരാഗത കയർ ഉൽപ്പന്നങ്ങൾ ക്കുള്ള വിപണി ചെയിൻ സ്റ്റോറുകളുമായുള്ള സഹകരണം വഴി ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് . ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പ്രധാന 1000 വിൽപ്പന കേന്ദ്രങ്ങൾ വഴി കയർ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സാധ്യമാകും-ധനമന്ത്രി പറഞ്ഞു. 80 പുതിയ ചകിരിമില്ലുകൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പിട്ടു. സമൂലമയ യന്ത്രവത്കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊക്കെയാണെങ്കിലും കയർപിരി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. 2000 സ്പിന്നിംഗ് മെഷീനുകൾ കേരളത്തിലാകമാനം സ്ഥാപിക്കും. യുഡിഎഫിന്റെ കാലത്ത് കയർ തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ ഉൾപ്പെടെ 66 കോടി രൂപയാണ് ആകെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് 200 കോടി രൂപയായി വർധിച്ചു. ഇതെല്ലാം വഴി തൊഴിൽ അവസരങ്ങൾ വർദ്ധിക്കുകയും പ്രവർത്തി ദിനങ്ങൾ കൂടുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള വിമർശനങ്ങളാണ് കയർകേരളക്കെതിരെ ഉയർന്നുവന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കയര്‍ മേള 2019 ലക്ഷ്യം കണ്ടതിന്റെ ഉത്തമ തെളിവാണ് 399 കോടിയുടെ വിപണി നേടാന്‍ സാധിച്ചതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ വികസിപ്പിച്ച് ആധുനികവത്ക്കരണം നടത്തിയാല്‍ മാത്രമെ കയര്‍ മേഖലയ്ക്ക് ഇനി പിടിച്ചു നില്‍ക്കാന്‍ സാധിക്കു. ആധുനികവത്ക്കരണത്തിന് തുണയാകുന്ന നല്ല ആശയങ്ങളാണ് ഈ മേളയില്‍ ഉണ്ടായത്- അദ്ദേഹം പറഞ്ഞു.
കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍, അഡ്വ. യു.പ്രതിഭ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ , കയര്‍ വകുപ്പ് ഡയറക്ടര്‍ എന്‍. പദ്മകുമാര്‍, മല്‍സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു, കയര്‍ മെഷിനറി മാനുഫാക്ച്വറിംഗ് ഫാക്ടറി ചെയര്‍മാന്‍ അഡ്വ. കെ.പ്രസാദ്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍, ഫോം മാറ്റിംഗ്സ് ചെയര്‍മാന്‍ അഡ്വ. കെ.ആര്‍.ഭഗീരഥന്‍, കയര്‍ഫെഡ് പ്രസിഡന്റ് അഡ്വ. എന്‍. സായികുമാര്‍, കെഎല്‍ഡിസി ചെയര്‍മാന്‍ ടി.പുരുഷോത്തമന്‍, ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ കെ.എസ്.പ്രദീപ് കുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ.ദേവകുമാര്‍ , കൗൺസിലർ ചിത്ര, ലക്ഷ്മണൻ, മുൻ കയർ കോർപ്പറേഷൻ ചെയർമാൻ കെ.നാസർ എന്നിവർ പ്രസംഗിച്ചു.
Discussion about this post