അര്‍ജന്റീന-സൗദി ലോകകപ്പ് പോരാട്ടത്തിനിടെ തൃശൂര്‍ ചാലക്കുടിയില്‍ വ്യത്യസ്തമായ ഒരു പേരിടല്‍ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിന്‍ ഷനീര്‍-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിന്‍ മെസിയെന്ന് പേരിട്ടത്. നഗരസഭയുടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു പേരിടല്‍.
സൗദിയുമായി ലയണല്‍ മെസിയുടെ ബൂട്ടില്‍ നിന്ന് ഗോള്‍ പിറന്ന ഇടവേളയില്‍ ഷനീര്‍-ഫാത്തിമ ദമ്പതികളുടെ മകന് പേരിട്ടു. ജനിച്ച് ഇരുപത്തിയെട്ടാം നാളില്‍ മൂന്ന് വട്ടം അവന്റെ ചെവിയില്‍ ആ പേര് ഷനീര്‍ ചൊല്ലിക്കൊടുത്തു. ഐദിന്‍ മെസി.
അര്‍ജന്റീനയോടുള്ള ഒടുങ്ങാത്ത ആരാധനയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. തിങ്ങിനിറഞ്ഞ ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
ആയിരുന്നു പേരിടല്‍ ചടങ്ങ്. പേരിടല്‍ ചടങ്ങിന് ശേഷം അര്‍ജന്റീനിയന്‍ പതാകയുടെ നിറമുള്ള കേക്ക് മുറിച്ച് മധുരം പങ്കുവച്ചു.
ചാലക്കുടി നഗരസഭ ചെയര്മാന് എബി ജോര്‍ജ് അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു. സൌദിയോടുള്ള മത്സരം പരാജയമായെങ്കിലും ലോകകപ്പില്‍ മെസിയിലൂടെ തിരിച്ചുവരവുസാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുമെസിയും മാതാപിതാക്കളും മടങ്ങിയത്.
Discussion about this post