അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച് വീണ്ടും മുസിരിസ് പൈതൃക പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങൾ നേരിലറിയാൻ പതിമൂന്നംഗ വിദേശ മാധ്യമ സംഘമെത്തി. ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ അമേരിക്ക, കാനഡ, ചൈന, മലേഷ്യ, കെയ്റോ എന്നീ രാജ്യങ്ങളിൽ നിന്നായി 19 മീഡിയ പ്രതിനിധികളാണ് പൈതൃക പദ്ധതി പ്രദേശം സന്ദർശിച്ചത്. ഇന്റർനാഷണൽ ഹോട്ടൽ ശൃംഖലയായ മാരിയറ്റാണ് യാത്ര സംഘടിപ്പിച്ചത്. കോട്ടപ്പുറം വാട്ടർ ഫ്രണ്ട് പാർക്ക്, കോട്ടപ്പുറം കോട്ട, പാലിയം കൊട്ടാരം, പറവൂർ സിനഗോഗ് എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. ലീൻ മീങ് വെയ്(റോബ് റിപ്പോർട്ട്), ലൂങ്ങ് വായ് ടിങ്ങ്( ന്യൂ സ്‌ട്രൈറ്റ് ടൈംസ്), ക്രിസ്റ്റൽ ലി യാൻ വെയ്(ബറോ 24/7), വാങ്ങ് ഷയോയി(കോണ്ടി നാസ്റ്റ് ട്രാവലർ), ഴാങ്ങ് തായ്(യൂ പാസ്സെഞ്ചർ), അലീസ ശുവാർട്‌സ്( ദ ഗ്ലോബ് ആന്റ് മെയിൽ), സ്റ്റെഫാനി വാൾഡക്ക്(ആർക്കിടെക്ചറൽ ഡൈജസ്റ്റ്), ശഗുൻ സെഗാൻ(ഇൻഫ്ലുവൻസർ), വിശാൽ ഫെർണാണ്ടസ്(ഇൻഫ്ലുവൻസർ), ഷനയ അറോറ (ഇൻഫ്ലുവൻസർ), ആകാശ് മൽഹോത്ര (ഇൻഫ്ലുവൻസർ), ഇഷ ഗുപ്ത (ഇൻഫ്ലുവൻസർ), റോക്‌സ്ആനെ ബംബോട്ട്(ഇൻഫ്ലുവൻസർ) എന്നിവരാണ് സംഘത്തിലുണ്ടായത്.
മുസ്രിസ് പൈതൃക പദ്ധതി അന്തർദേശീയതലത്തിൽ പുതിയ മാനങ്ങൾ നൽകുന്നുവെന്നും പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ മാതൃകയാക്കാവുന്നതാണെന്നും സംഘം അഭിപ്രായപ്പെട്ടു. മുസിരിസ് പൈതൃക പദ്ധതിയെക്കുറിച്ച് മാനേജിംഗ് ഡയറക്ടർ പി എം നൗഷാദും അതിൽ ഉൾപ്പെടുന്ന മ്യൂസിയങ്ങളെക്കുറിച്ചുള്ള വിശദീകരണം ഡോക്ടർ മിഥുനും നൽകി. ഏകദേശം 2500 വർഷത്തെ ചരിത്ര സമ്പത്തുള്ള മുസിരിസ് പൈതൃക സംരക്ഷണത്തിന് വേണ്ടിയാണ് കേരള സർക്കാർ മുസിരിസ് പദ്ധതി ആരംഭിച്ചത്. പ്രാദേശിക സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പരമ്പരാഗത വ്യവസായങ്ങൾ, കരകൗശല വിദ്യകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്നിവ മുസിരിസ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. പറവൂർ – കൊടുങ്ങല്ലൂർ പ്രദേശത്തുള്ള പുരാതന ക്ഷേത്രങ്ങൾ, യൂറോപ്യൻ കോട്ടകൾ, കൊട്ടാരങ്ങൾ, ക്രിസ്ത്യൻ പള്ളികൾ, സെമിനാരികൾ, ജൂത സ്മാരകങ്ങൾ, മുസ്ലിം ആരാധനാലയങ്ങൾ എന്നിവയെ അതിന്റെ സാംസ്‌കാരിക തനിമ ചോരാതെ സംരക്ഷിച്ചു നിർത്തുന്നതിൽ മുസിരിസ് പദ്ധതി വലിയ പങ്കുവഹിക്കുന്നു.
Discussion about this post