സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും കേന്ദ്രസേനയുടെ അകമ്പടിയോടെ എന്‍ഐഎ പരിശോധന. ദില്ലിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം അന്‍പതിടങ്ങളില്‍ ഒന്നിച്ചായിരുന്നു റെയ്ഡ്. ഇഡിയും റെയ്ഡിലുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തെയും സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയും അടക്കം 13 നേതാക്കളെ കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്തവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് കൊച്ചിയിലെ എന്‍ഐഎ ഓഫീസിനും സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്താകെ 15 പേരെ ലക്ഷ്യമാക്കിയാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം.
പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡന്റ് ഇ.എം. അബ്ദുള്‍ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ല പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പത്തനംതിട്ടയില്‍ ജില്ലാ സെക്രട്ടറിയുള്‍പ്പടെയുള്ള നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു.
പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച റെയ്ഡിനെതിരെ പലയിടത്തും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരത്തെ പോപുലര്‍ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘര്‍ഷലേക്ക് നീങ്ങി. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിച്ചു തടയാന്‍ ശ്രമിച്ചു. കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. കോട്ടയത്ത് ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും പെരുവന്താനത്തും റെയ്ഡ് നടന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നൂറിലേറെ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post