കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്കി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങ്. അശോക് ഗെലോട്ട് എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാതെ പറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പാര്‍ട്ടിയിലെ മുഖ്യ പ്രതിയോഗിയായ സച്ചിന് പൈലറ്റ് ഗെലോട്ടിന് പകരം മുഖ്യമന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിങ്ങിന്റെ പ്രതികരണം. ഇരട്ടപദവിയില്‍ തുടരാനുള്ള ഗെലോട്ടിന്റെ നീക്കത്തില്‍ ദിഗ് വിജയ് സിങ്ങ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. ‘ഒരാള്‍ക്ക് ഒരു പദവി’ നയം കര്‍ശനമായി നടപ്പാക്കുമെന്ന് ഉദയ്പൂരില്‍ വെച്ച് നടന്ന ചിന്തന്‍ ശിബിരത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇരട്ട പദവിയല്ല മൂന്ന് പദവികള്‍ വഹിക്കുന്നതിലേ പ്രശ്നമുള്ളൂയെന്ന് ഗെലോട്ട് ഇന്ന് പറയുകയുണ്ടായി.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാലും മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്ന പരോക്ഷ സൂചനയാണ് ഗെലോട്ട് നല്‍കിയത്. ഗെലോട്ടിന് ഒരേ സമയം കോണ്‍ഗ്രസ് അദ്ധ്യക്ഷനും രാജസ്ഥാന് മുഖ്യമന്ത്രിയും ആയി തുടരാനാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ദിഗ് വിജയ് സിങ്ങ് ഉദയ്പൂര്‍ പ്രമേയം ചൂണ്ടിക്കാട്ടി. ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം തീര്‍ച്ചയായും രാജിവെയ്ക്കേണ്ടി വരുമെന്ന് സിങ് പറഞ്ഞു. താങ്കള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നോ എന്ന ചോദ്യത്തിന് ‘നമുക്ക് കാണാം,’ എന്നായിരുന്നു മറുപടി.
Discussion about this post