ഇറാനില്‍ ഇബ്രാഹിം റെയ്സി സര്‍ക്കാര്‍ കൊണ്ടുവന്ന ഹിജാബ് നിയമം ലംഘിച്ചെന്ന പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. നിരവധി സ്ത്രീകള്‍ ഹിജാബ് വലിച്ച് കീറി തീയിടുന്നതുള്പ്പെടെ ഉള്ള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതോടെ മുല്ലപൂ വിപ്ലവത്തിന് ശേഷം പശ്ചിമേഷ്യയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പുതിയൊരു പ്രതിഷേധമുഖം തുറക്കുകയാണ്.
കഴിഞ്ഞ ദിവസം ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് പിടികൂടിയ 22 കാരി മഹ്സ അമിനിയുടെ ശവസംസ്കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. ഏകാധിപതിക്ക് മരണം എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ ശിരോവസ്ത്രം അഴിച്ച് മാറ്റിയത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് കണ്ണീര് വാതകം ഉള്‍പ്പെടെ പ്രയോഗിക്കേണ്ടി വന്നു. പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബസമേതം എത്തിയതായിരുന്നു മഹ്സ അമിനി. തലസ്ഥാന നഗരിയിലൂടെ യാത്ര ചെയ്യുമ്പോള്‍ തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചായിരുന്നു ഇറാനിലെ സദാചാര പോലീസ് ആയ ഗഷ്തെ ഇര്‍ഷാദ് യുവതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്സ വെള്ളിയാഴ്ച മരണപ്പെട്ടു.
Discussion about this post