കണ്ണൂര്‍ ജില്ലയിലെ ജലസാഹസിക ടൂറിസത്തിന് പുത്തന്‍ ഉണര്‍വ് നല്കാന് പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി വരുന്നു. നാറാത്ത് പത്തില്‍ കാട്ടാമ്പള്ളിക്കടവ് മുതല്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് വരെ നീണ്ടുകിടക്കുന്ന പുഴയിലാണ് ടൂറിസം വകുപ്പ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
ജലസാഹസിക ടൂറിസത്തിന് അനുയോജ്യമായ പുല്ലൂപ്പിക്കടവിലേക്ക് കണ്ണൂര്‍ ജില്ലയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രമേയുള്ളു. 4.15 കോടി രൂപയുടെ പദ്ധതിക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കിയത്. രണ്ട് തരത്തില്‍ സജ്ജീകരിച്ച ഫ്ളോട്ടിങ് ഡൈനിംഗ് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സിംഗിള്‍ യൂണിറ്റായും നാല് പേര്‍ക്ക് ഇരിക്കാവുന്ന എട്ട് സിംഗിള്‍ യൂണിറ്റായുമാണ് ഫ്ളോട്ടിങ് ഡൈനിംഗ്. 25 പേര്‍ക്ക് ഇരിക്കാവുന്ന എട്ട് മേശകള്‍ ഇതില്‍ സജ്ജീകരിക്കാം. വിനോദസഞ്ചാരികള്‍ക്ക് ബോട്ടുകള്‍, നാടന്‍വള്ളം, കയാക്കിംഗ് എന്നിവയിലൂടെ പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ഫ്ളോട്ടിങ് ഡൈനിംഗില്‍ എത്താം.
കൂടാതെ മൂന്ന് മീന്വില്പനശാലകളും മലബാറിന്റെ തനത് രുചികള്‍ പരിചയപ്പെടുത്തുന്ന എട്ട് കിയോസ്കുകളും നടപ്പാതയും ഇരിപ്പിടങ്ങളും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്. പുഴയുടെ മനോഹാരിത വീക്ഷിക്കാനും ആസ്വദിക്കാനും നടപ്പാതയോടൊപ്പം രണ്ട് ഡക്കും ബോട്ടിംഗിന് കയറിയിറങ്ങുന്നതിനായി ഡോക്ക് ഏരിയയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോട്ടുജെട്ടി മാതൃകയിലാണ് ഡോക്കുകള്‍ സ്ഥാപിക്കുക. ടൂറിസം പാര്‍ക്ക് എന്ന നിലയില്‍ ലാന്‍ഡ് സ്കേപ്പിംഗ്, ഗാര്‍ഡനിംഗ്, വൈദ്യുതി വിതരണം എന്നീ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
സര്‍ക്കാരിന്റെ കണ്ണൂര്‍ ജില്ലയിലെ ആദ്യ സംരംഭമായ ഈ പദ്ധതിക്ക് വേണ്ട സ്ഥല ലഭ്യത നാറാത്ത് ഗ്രാമപഞ്ചായത്ത് നിയന്ത്രിതാനുമതി പ്രകാരം ടൂറിസം വകുപ്പിന്റെ പേരില്‍ ഉറപ്പുവരുത്തി. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത് ടൂറിസം വകുപ്പിന്റെ എംപാനല്‍ ആര്‍ക്കിടെക്ടായ യു മുഹമ്മദ് അസോസിയേറ്റ്സ് ആണ്. രണ്ട് ഘട്ടങ്ങളിലായാണ് ഡി പി ആര് തയ്യാറാക്കിയത്. കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെല്) ആണ് നിര്‍വഹണ ഏജന്‍സി.
Discussion about this post