വീരമൃത്യു വരിച്ച സൈനികന്റെ വീട്ടിലേക്ക് തപാല്‍ വഴി അയച്ച ധീരതയ്ക്കുള്ള പുരസ്കാരം നിരസിച്ച് കുടുംബം. രാജ്യത്തെ മൂന്നാമത്തെ പരമോന്നത ധീരതയ്ക്കുള്ള പുരസ്കാരമായ ‘ശൗര്യചക്ര’ ഈ രീതിയില്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കുടുംബം അറിയിച്ചു.
അഞ്ച് വര്‍ഷം മുമ്പ് ജമ്മു കശ്മീരില്‍ തീവ്രവാദികളോട് പോരാടി ജീവന് ബലിയര്‍പ്പിച്ച മകന് ലാന്‍സ് നായിക് ഗോപാല്‍ സിംഗ് ബദൗരിയയ്ക്ക് ഇത് അപമാനമാണെന്ന് പിതാവ് മുനിം സിംഗ് പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം കൈമാറണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജനുവരി 26 നോ ഓഗസ്റ്റ് 15 നോ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് ഇത്തരം മെഡലുകള്‍ എപ്പോഴും സമ്മാനിക്കാറുള്ളതെന്ന് മുനിം സിംഗ് പറഞ്ഞു.
രാഷ്ട്രപതി ഇല്ലെങ്കില്‍ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ് മെഡല്‍ കുടുംബത്തിന് നല്‍കുന്നത്. പക്ഷേ അത് ഒരിക്കലും തപാല്‍ വഴി അയയ്ക്കരുതന്നും മുനിം സിംഗ് അഭിപ്രായപ്പെട്ടു. സൈന്യത്തിന് തപാല്‍ വഴി മെഡലുകള്‍ അയക്കാന്‍ കഴിയില്ലെന്നും പിതാവ് പറഞ്ഞു. ”ഇത് പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല ഒരു രക്തസാക്ഷിയെയും കുടുംബത്തെയും അപമാനിക്കുന്നത് കൂടിയാണ്. അതിനാല്‍ ഞാന്‍ മെഡല്‍ അടങ്ങിയ പാഴ്സല്‍ സ്വീകരിക്കാതെ തിരികെ നല്കി”. അദ്ദേഹം വ്യക്തമാക്കി.
2018 ലാണ് മരണാനന്തര ബഹുമതിയായി ‘ശൗര്യചക്ര’ ലാന്‍സ് നായിക് ഗോപാല്‍ സിംഗിന് ലഭിക്കുന്നത്. അശോക ചക്രയ്ക്കും കീര്‍ത്തി ചക്രയ്ക്കും ശേഷം മൂന്നാമത്തെ ഉയര്‍ന്ന ബഹുമതിയാണ് ഇത്.
Discussion about this post