ന്യൂയോര്‍ക്ക്: ജോണ്സണ് ആന്റ് ജോണ്സണ് കുട്ടികളുടെ ടാല്‍ക്കം പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നു. 2023 ഓടേ ആഗോളതലത്തില്‍ കുട്ടികളുടെ ടാല്‍ക്കം പൗഡര്‍ വില്‍പ്പന പൂര്‍ണമായി നിര്‍ത്തുമെന്ന് കമ്പനി അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ ടാല്‍ക്കം പൗഡറിനെതിരെ ആയിരക്കണക്കിന് കേസുകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
നിലവില്‍ 38000 കേസുകളാണ് കമ്പനി നേരിടുന്നത്. ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്ന് കാണിച്ചാണ് ഉപയോക്താക്കള്‍ കമ്പനിക്കെതിരെ കേസ് കൊടുത്തത്. ടാല്‍ക്കം പൗഡറില്‍ ആസ്ബറ്റോസിന്റെ അംശം ഉള്ളതായാണ് പരാതികളില്‍ പറയുന്നത്. ഇത് ശരീരത്തിന് ദോഷകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ധാന്യപ്പൊടികള്‍ ചേര്‍ത്തുള്ള കോണ്‍സ്റ്റാര്‍ച്ചിനെ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പൗഡറിലേക്ക് മാറാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ടാല്‍ക്കം പൗഡറിനെ അപേക്ഷിച്ച് കോണ്‍സ്റ്റാര്‍ച്ച് കൂടുതല്‍ സുരക്ഷിതമാണ്. രാസവസ്തുക്കള്‍ അടങ്ങിയതാണ് ടാല്‍ക്കം പൗഡര്‍. നിലവില്‍ കോണ്‍സ്റ്റാര്‍ച്ച് അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പൗഡറിന്റെ വില്‍പ്പന ലോകമൊട്ടാകെ തുടങ്ങിയതായും കമ്പനി അറിയിച്ചു.
2020ല്‍ തന്നെ അമേരിക്കയിലും കാനഡയിലും കുട്ടികളുടെ ടാല്‍ക്കം പൗഡറിന്റെ വില്‍പ്പന ജോണ്സണ് ആന്റ് ജോണ്സണ് നിര്‍ത്തി. ആവശ്യകതയില്‍ വന്‍ ഇടിവ് സംഭവിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
Discussion about this post