നാഗര്‍കോവില്‍: ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ(33) ആണ് മരിച്ചത്. ജ്ഞാനഭാഗ്യ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയം കണ്ട ഭര്‍ത്താവ് സെന്തിലാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. വിവരമെറിഞ്ഞെത്തിയ ജ്ഞാനഭാഗ്യയുടെ ബന്ധുക്കള്‍ വാതില്‍തകര്‍ത്ത് മുറിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കന്യാകുമാരി പെരിയവിള സ്വദേശിയായ സെന്തില്‍ സിംഗപ്പൂരിലാണ് ജോലി ചെയ്തിരുന്നത്. ജ്ഞാനഭാഗ്യവുമായി സെന്തില്‍ വീഡിയോ കോളിലൂടെ സംസാരിക്കുന്നതിനിടയിലായിരുന്നു യുവതി തൂങ്ങിമരിച്ചത്. ഫാനില്‍ സാരി ഉപയോഗിച്ച് കെട്ടിതൂങ്ങിയായിരുന്നു മരണം. ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് ജ്ഞാനഭാഗ്യത്തിന്റെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. എട്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം. വിവാഹത്തിന് ജ്ഞാനഭാഗ്യത്തിന്റെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. ജ്ഞാനഭാഗ്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നായിരുന്നു സെന്തിലിന്റെ സംശയം. മറ്റു പുരുഷന്മാരോട് ജ്ഞാനഭാഗ്യ സംസാരിക്കുന്നത് പോലും സെന്തിലിന് ഇഷ്ടമായിരുന്നില്ലെന്നും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.
ദിവസവും ഭാര്യയോടും മക്കളോടും വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിവുപോലെ രണ്ട് കുട്ടികളെയും ഉറക്കികിടത്തിയ ശേഷം സെന്തിലുമായി വിഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു ജ്ഞാനഭാഗ്യ. മുറിയില്‍ ഭാര്യയ്ക്കൊപ്പം ആരോ ഉണ്ടെന്നു സെന്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. മുറിയുടെ മുഴുവന്‍ ദൃശ്യവും ക്യാമറയില്‍ കാണിക്കാന്‍ സെന്തില്‍ ആവശ്യപ്പെട്ടു. കിടപ്പുമുറിയടക്കമുള്ള സ്ഥലങ്ങളില്‍ ക്യാമറയുമായെത്തി തത്സമയം ദൃശ്യങ്ങള്‍ കാണിക്കാന്‍ സെന്തില്‍ ആവശ്യപ്പെട്ടത് ജ്ഞാനഭാഗ്യയെ മാനസികമായി തകര്‍ത്തു.
മുറിയില്‍ താനും കുട്ടികളും മാത്രം ഉള്ളുവെന്നു പലതവണ പറഞ്ഞിട്ടും കേള്‍ക്കാന്‍ പോലും സെന്തില്‍ തയാറാകാതിരുന്നതോടെ ക്യാമറ ഓഫാക്കാതെ തന്നെ കിടപ്പുമുറിയിലെ ഫാനില്‍ സാരി ഉപയോഗിച്ച് ജ്ഞാനഭാഗ്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Discussion about this post