കോഴിക്കോട് : സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര ഇര്‍ഷാദ് കൊല്ലപ്പെട്ടെന്ന് പൊലീസ്. ജൂലൈ 17ന് കടലൂര്‍ നന്തിയില്‍ കോതിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണ് എന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു.
കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്കരിച്ചിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കിയത്.
ദുരൂഹ സാഹചര്യത്തില്‍ അടുത്തടുത്ത പ്രദേശങ്ങളില്‍ നിന്ന് കാണാതായ രണ്ട് ചെറുക്കാര്‍. കാഴ്ചയിലും ശരീര ഘടനയിലും സമാനതയുളളവര്‍. തീര്‍ന്നില്ല ഇരുവരെയും തൊഴില്‍ പശ്ചാത്തലവും കാണാതായ രീതിയും മാത്രമല്ല ബന്ധുക്കള്‍ പരാതി നല്‍കാനെടുത്ത സമയത്തില്‍ പോലും സാദൃശ്യമുണ്ട്.
ജൂണ്‍ ആറിനാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്. ഇതിന് മുമ്പും ദീപക്കിനെ കാണാതായ സംഭവം ഉണ്ടായിട്ടുള്ളത് കൊണ്ട് തന്നെ ബന്ധുക്കള്‍ ഒരു മാസം വൈകിയാണ് പരാതി നല്‍കിയത്. ജൂലൈ ഒമ്പതിന് മേപ്പയൂര്‍ പൊലീസില്‍ പരാതി നല്കി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നു. ദീപക്കുമായുളള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക് തന്നെയെന്ന ധാരണയില്‍ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു.
ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഡിഎന്‍എ പരിശോധനയ്ക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.
ഇര്‍ഷാദിനെ കാണാതായത് ജൂലൈ ആറിനാണ്. ബന്ധുക്കള്‍ പരാതി നല്‍കിയത് ജൂലൈ 22നും. ഇതിനിടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം പൊലീസിന് നല്കി.
പ്രതികളുടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പൊലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ദീപക്കിന്റേതെന്ന പേരില്‍ സംസ്കരിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പൊലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അത് പ്രകാരം കണ്ടെത്തിയത് ദീപക്കിന്റെ മൃതദേഹമല്ലെന്ന് സ്ഥിരീകരിച്ചു. ഇന്ന് മൃതദേഹം ഇര്‍ഷാദിന്റേതാണെന്നും സ്ഥിരീകരിച്ചു.
Discussion about this post