കൊച്ചി: പള്‍സര്‍ സുനിയും കൂട്ടരും കാറില്‍ നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. ഈ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്ന സംവിധായകന് ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വസനീയമാണെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.
ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്നും ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായിട്ടാണ് ക്രൈംബ്രാഞ്ചിന്റെ അവകാശവാദം. നടിയെ പീഡിപ്പിച്ച കേസ് ഇന്നലെ വിചാരണക്കോടതി പരിഗണിച്ചപ്പോള്‍ മജിസ്ട്രേട്ട് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച വിവരം പ്രോസിക്യൂഷന് അറിയിച്ചു. 27 ന് കേസ് വീണ്ടും പരിഗണിക്കും മുന്‍പു കുറ്റപത്രം വിചാരണക്കോടതിയില്‍ എത്തും.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന്റെ അഞ്ചു ദിവസം മുന്‍പു മാത്രമാണ് ഫൊറന്‍സിക് പരിശോധനാ ഫലം ലഭിച്ചതെന്നും ഇക്കാര്യം അന്വേഷിക്കാന്‍ കൂടുതല്‍ സമയം വിചാരണക്കോടതിയും ഹൈക്കോടതിയും അനുവദിച്ചില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. 350 ഡിജിറ്റല്‍ തെളിവുകളും ഒപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിലെ അതിജീവിതയ്ക്ക് ഹൈക്കൊടതിയുടെ താക്കീതും വിമര്‍ശനവും. കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഹൈക്കൊടതിയുടെ വിമര്‍ശനം. കോടതികള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Discussion about this post