നടന് ശ്രീനാഥ് ഭാസിയ്ക്കെതിരെ പരാതിയുമായി ആലപ്പുഴയിലെ യുവസംരംഭകര്‍ രംഗത്ത്. ടര്‍ഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയ ശേഷം വഞ്ചിച്ചു എന്നാണ് ആക്ഷേപം. നടനെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് സംരംഭകര്‍. എട്ട് യുവാക്കള്‍ ചേര്‍ന്ന് ആലപ്പുഴ തിരുവമ്പാടിയില്‍ ആരംഭിക്കാനിരുന്ന ടര്‍ഫ് ഉദ്ഘാടനത്തിനായാണ് ശ്രീനാഥ് ഭാസി നാലു ലക്ഷം രൂപ വാങ്ങിയ ശേഷം ഉദ്ഘാടനത്തിന് എത്താതിരുന്നത്.
ശ്രീനാഥ് ഭാസി പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ലെന്നാണ് പരാതി. ആലപ്പുഴ കാബിനറ്റ് സ്പോര്‍ട്സ് സിറ്റി ഭാരവാഹികളാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ 14ന് സ്പോര്‍ട്സ് സിറ്റിയുടെ ടര്‍ഫ്, ടീ പോയന്റ് കഫെ ഉദ്ഘാടനത്തിനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു.
ആറു ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതില്‍ നാലു ലക്ഷം മുന്‍കൂറായി നല്‍കുകയും ബാക്കി തുക ഉദ്ഘാടന ദിവസവും കൈമാറാം എന്നുമായിരുന്നു മുന്‍ധാരണ. എന്നാല്‍, പരിപാടിക്ക് ഒരു ദിവസം മുമ്പ് തനിക്ക് വരാന്‍ പറ്റില്ല എന്ന് അറിയിക്കുകയായിരുന്നു താരം. താന്‍ യു.കെയില്‍ ആണെന്നും പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റാനും ശ്രീനാഥ് ആവശ്യപ്പെട്ടു.
തുടര്‍ന്ന് പരിപാടി 22ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്നും താരം എത്തിയില്ല. വീണ്ടും പരിപാടി മാറ്റണമെന്നാവശ്യപ്പെട്ട് താരം ഇന്നലെയാണ് വിളിച്ചത്. എന്നാല്‍, വീണ്ടും പരിപാടി മാറ്റിവെക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതോടെ ഒരുമാസം നീളുന്ന ടൂര്‍ണമെന്റ് നടത്താനാകാതെ വന്നിരിക്കുകയാണ്. എല്ലാത്തരത്തിലുള്ള പ്രൊമോഷനുകളും ഒരുക്കങ്ങളും നടത്തിയ സംഘാടകര്‍ക്ക് ഇത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇതുമൂലം ക്ലബിന് നഷ്ടമായിരിക്കുന്നത് ലക്ഷങ്ങളാണ്.
Discussion about this post