തൃശൂര്‍: പ്ലാറ്റ്ഫോമിലിറങ്ങി വെള്ളം വാങ്ങി തിരിച്ച് ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറയ്ക്കല്‍ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകള്‍ അനു ജേക്കബ് (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം.
കുടുംബാംഗങ്ങള്‍ക്കൊപ്പം വേണാട് എക്സ്പ്രസില്‍ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു അനു. ട്രെയിന്‍ തൃശൂര്‍ നിര്‍ത്തിയ സമയത്ത് ബന്ധുവായ യുവാവിനൊപ്പം പ്ലാറ്റ്ഫോമിലിറങ്ങി വെള്ളം വാങ്ങി തിരികെ വരികയായിരുന്നു അനു. എന്നാല്‍ അപ്പോഴേക്കും ട്രെയിനെടുത്തു. ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അനു കാല്‍തെന്നി പാളത്തിലേക്കു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കാക്കനാട് റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. സഹോദരി: ലെന.
Discussion about this post