രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില്‍ നടന്നു. വഡോദരയില്‍ ക്ഷമ ബിന്ദുവാണ് സ്വയം വിവാഹിതയായത്. ചുവന്ന സാരിയില്‍, ആഭരണങ്ങളിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ക്ഷമ വേദിയിലെത്തിയത്. സ്വയം താലി ചാര്‍ത്തി, സിന്ദൂരമണിഞ്ഞ് ക്ഷമ ബിന്ദു സ്വയം വിവാഹിതയായി.
ക്ഷമ ബിന്ദുവിന്റെ വീട്ടില്‍ വച്ചാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, വിവാഹത്തിനെതിരെ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നതോടെ ചടങ്ങുകള്‍ നടത്താനിരുന്ന പൂജാരി പിന്മാറി. ഇതോടെയാണ് യുവതി വീട്ടില്‍ വച്ച് വിവാഹ ചടങ്ങുകള്‍ ഒറ്റയ്ക്ക് നടത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ക്ഷമ ബിന്ദു ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു.
സ്വയം വിവാഹിതയാകുന്നുവെന്ന പ്രഖ്യാപനത്തോടെ വാര്‍ത്തകളില്‍ ഇടം നേടിയ ക്ഷമാ ബിന്ദുവാണ് നിശ്ചയിച്ച തീയതിക്ക് രണ്ട് ദിവസം മുമ്പേ വിവാഹിതയായത്. ജൂണ്‍ 11നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ വിവാഹം രണ്ട് ദിവസം നേരത്തെ ആക്കുകയായിരുന്നു. മെഹന്ദി, ഹല്‍ദി തുടങ്ങിയ എല്ലാ ചടങ്ങുകളും നടത്തി. വിവാഹത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെ ക്ഷമ എല്ലാവര്ക്കും നന്ദി അറിയിച്ചു. എനിക്ക് സന്ദേശമയയ്ക്കുകയും എന്നെ അഭിനന്ദിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്ന് അവര്‍ സോഷ്യല്‍മീഡിയയില്‍ പറഞ്ഞു.
വിവാഹത്തിന് ശേഷം ഒറ്റയ്ക്ക് ഹണിമൂണ്‍ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ക്ഷമ. ഗോവയിലേക്കാണ് യാത്ര. ഒരു സ്വകാര്യ കമ്പനിയില്‍ റിക്രൂട്ട്മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ് ക്ഷമ.
Discussion about this post