ജിദ്ദ: സൗദി അറേബ്യ തങ്ങളുടെ പൗരന്മാര്ക്ക് 16 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. കോവിഡ് രോഗബാധ കൂടി നില്ക്കുന്ന രാജ്യങ്ങളിലേക്കാണ് യാത്രയ്ക്ക് വിലക്കുള്ളത്. ഇന്ത്യ, ലെബനന്, സിറിയ, തുര്‍ക്കി, ഇറാന്, അഫ്ഗാനിസ്താന്, യമന്‍, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇന്‍ഡോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നി രാജ്യങ്ങളിലേക്ക് പോകാനാണ് വിലക്ക്.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡുള്ള ചൈനയിലേക്കുള്ള യാത്രയ്ക്ക് വിലക്കില്ലെന്നത് ശ്രദ്ധേയമാണ്. ചൈനയിലെ പല പ്രധാന നഗരങ്ങളും കോവിഡ് മൂലം അടച്ചിട്ടിരിക്കുകയാണ്. ഒന്നരക്കോടി പേരെങ്കിലും ചൈനയില്‍ നിര്‍ബന്ധിത ലോക്ക്ഡൗണിലാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോവിഡിനൊപ്പം കുരങ്ങുപനി കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതും യാത്ര വിലക്ക് പ്രഖ്യാപിക്കാന്‍ സൗദിയെ പ്രേരിപ്പിച്ചു. സൗദിയില്‍ ഇതുവരെ കുരങ്ങുപനി കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേസുകള്‍ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു. ഇന്നലെ സൗദിയില്‍ 411 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post