മലപ്പുറം: മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് പെണ്‍കുട്ടികളെ നടുറോഡില്‍ വെച്ച് യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളുടെ മൊഴി വീണ്ടും എടുത്തു. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരായ അസ്നയുടെയും ഹംനയുടെയും മൊഴിയെടുത്തത്.
പൊലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും അഞ്ചിലേറെ തവണ മുഖത്തടിച്ച സ്ഥിതിയുണ്ടായിട്ടും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസ് വീണ്ടും പെണ്‍കുട്ടികളുടെ മൊഴിയെടുക്കാന്‍ തയ്യാറായത്.
ഇതിനിടെ മോട്ടോര്‍ വാഹന വകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രതി ഇബ്രാഹം ഷെബീറിന്റെ വാഹനത്തിന്റെ അമിത വേഗത, നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ടുള്ള അതിക്രമം, റോങ്ങ് സൈഡ് വാഹനം ഓടിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ക്ക് ജില്ലാ ആര്.ടി.ഒ നിര്‍ദേശം നല്കി.
ഈ മാസം 16 നാണ് മലപ്പുറം പാണമ്പ്രയില്‍ നടുറോഡില്‍ പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റത്. തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീര്‍ എന്ന യുവാവാണ് സഹോദരമാരായ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചത്. അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. പരാതിയില്‍ നിസാര വകുപ്പുകളില്‍ മാത്രം കേസെടുത്ത തേഞ്ഞിപ്പലം പൊലീസ് മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള പ്രതി ഇബ്രാഹിം ഷബീറിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
Discussion about this post