കൊച്ചി: പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. ഇന്ന് അദ്ദേഹം വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന വിഷയമാണ് സെമിനാറിലുള്ളത്.
രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും സിപിഐഎം തന്നെ ക്ഷണിച്ചത് അവരുടെ പാര്‍ട്ടിയില്‍ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാന്‍ ആണെന്നും കെ.വി.തോമസ് പറഞ്ഞു.
ഒരു മനുഷ്യനെ അപമാനിക്കാവുന്നതിന്റെ പരമാവധി തന്നെ അപമാനിച്ചു. ഇനിയും അതിനു നിന്നു കൊടുക്കാന്‍ വയ്യ .2018 ന് ശേഷം എനിക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുവാദം കിട്ടിയില്ല. പ്രധാനമന്ത്രിയെ കണ്ടാല്‍ എന്നെ ബിജെപിയായും യെച്ചൂരിയെ കണ്ടാല്‍ സിപിഐഎമ്മായും ചിത്രീകരിക്കുന്ന അവസ്ഥയാണെന്നും പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.വി.തോമസ് പറഞ്ഞു.
സെമിനാറില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്നായിരുന്നു ഭീഷണി. ഇത് ശരിയായ കാര്യമാണോ. ഞാന്‍ പാര്‍ട്ടിയില്‍ പൊട്ടിമുളിച്ച ആളല്ല. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്. ഞാന്‍ കോണ്‍ഗ്രസിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ചോദിക്കുന്നത്. അത് അറിയണമെങ്കില്‍ ചരിത്രം പരിശോധിക്കണം.
ഞാന്‍ എ.ഐ.സി.സി അംഗമാണ്. എന്നെ പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണ്. പാര്‍ട്ടി വിടില്ലെന്നും കെ.വി തോമസ് അറിയിച്ചു. തിരുത്തേണ്ടത് കോണ്‍ഗ്രസാണ്. പദവികളൊന്നും വെറുതെ ലഭിച്ചതല്ല. അതില്‍ ആര്‍ക്കും സംശയം വേണ്ട. 2018-ന് ശേഷം രാഹുല്‍ ഗാന്ധി മുഖം നല്‍കിയിട്ടില്ലെന്നും കെ.വി തോമസ് പറഞ്ഞു.
Discussion about this post