കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ കൊലപാതകത്തില്‍ പ്രതികളായ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്കും ഹൈക്കോടതി ജാമ്യം നല്കി. ഉപാധികളോടെയാണ് നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. കുന്നത്ത് നാട് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്ന് അടക്കമുള്ള വ്യവസ്ഥകള്‍ കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. മര്‍ദ്ദനമേറ്റ് മരിച്ച ദീപു ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തനിക്ക് വീണു പരിക്കേറ്റതാണെന്ന് ഡോക്ടര്‍മാര്‍ക്ക് മൊഴി നല്‍കിയിരുന്നുവെന്നും പിന്നീട് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് മൊഴി മാറ്റുകയായിരുന്നുവെന്നും പ്രതികള്‍ ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
കിഴക്കമ്പലത്ത് ട്വന്റി ട്വന്റി നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിനിടെ ഫെബ്രുവരി 12-നാണ് ദീപുവിന് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ 18-ന് ഉച്ചയോടെ ദീപു മരിച്ചു. കേസില്‍ അറസ്റ്റിലായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അബ്ദുള്‍ റഹ്മാന് പ്രവര്‍ത്തകരായ അസീസ്,സൈനുദ്ദീന്‍,ബഷീര്‍ എന്നിവര്‍ നിലവില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
Discussion about this post