മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ യുവതിയുടെ ധീരമായ ഇടപെടലിലൂടെ പുലിയുടെ ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിച്ചു. ഭര്‍ത്താവിനെ ആക്രമിച്ച പുലിയുടെ വാലില്‍ പിടിച്ച് വലിച്ചാണ് സഞ്ജന എന്ന യുവതി ഭര്‍ത്താവിനെ രക്ഷപ്പെടുത്തിയത്.
അഹമ്മദ്നഗര്‍ ജില്ലയിലെ പാര്‍നര്‍ തഹസില്‍ ദാരോഡി ഗ്രാമത്തില്‍ മാര്‍ച്ച് 25ന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം. എല്ലാവരും ഉറക്കമായ സമയത്ത് വീടിന് പുറത്ത് പുലിയുടെ സാന്നിധ്യം സംശയം തോന്നിയ സഞ്ജന ഭര്‍ത്താവ് ഗോരഖ് ദശരഥിനെ വിളിച്ചുണര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെ പുലി ഗോരഖ് ദശരഥിന് നേരെ ചാടിവീണു.
പുലി ഗോരഖിന്റെ മുതുകില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ സഞ്ജന ഓടിയെത്തി പുലിയുടെ വാലില്‍ പിടിച്ച് പിന്നിലേക്ക് വലിക്കാന്‍ ശ്രമിച്ചു. ഈ സമയം ഗോരഖിന്റെ പിതാവും അവരുടെ വളര്‍ത്തുനായയും അവിടെയെത്തി. പിതാവ് പുലിയെ വടി ഉപയോഗിച്ച് അടിക്കാന്‍ തുടങ്ങി. നായയും പുലിയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെ പുലി ഓടിരക്ഷപ്പെടുകയായിരുന്നു.
പുലിയുടെ ആക്രമണത്തില്‍ ഗോരഖിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
”ഇത് ഭയാനകമായ ഒരു സാഹചര്യമായിരുന്നു, എന്നാല്‍ പുള്ളിപ്പുലി എന്റെ ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ എന്റെ ശക്തിയും ധൈര്യവും സംഭരിച്ചു. ഞാന്‍ മൃഗത്തിന്റെ വാലില്‍ പിടിച്ച് പിന്നിലേക്ക് വലിക്കാന്‍ ശ്രമിച്ചു”, മാധ്യമങ്ങളോട് സഞ്ജന പറഞ്ഞു.
Discussion about this post