തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീ പടര്‍ന്നത് വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിന്നാണെന്നാണ് ഫയര്‍ ഫോഴ്സിന്റെ റിപ്പോര്‍ട്ട്. കാര്‍പോര്‍ച്ചില്‍ നിന്നും കേബിള്‍ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടര്‍ന്നു. തീ ആളിക്കത്താന്‍ സഹായിക്കുന്ന വസ്തുക്കള്‍ ഹാളിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീടിനകത്തുണ്ടായിരുന്നവര്‍ തീപിടിത്തത്തെ കുറിച്ച് അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുക ശ്വസിച്ചവര്‍ എഴുന്നേല്ക്കാന് ശ്രമിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ മൃതദേഹങ്ങളെല്ലാം വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണ്. വാതില്‍ തുറക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ചു ഇവര്‍ വീണതാവാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വര്‍ക്കല ദളവാപുരം സ്വദേശി പ്രതാപനും ഭാര്യ ഷേര്‍ളിയും ഇളയമകന് അഹിലും രണ്ടാമത്തെ മകന് നിഹുലിന്റെ ഭാര്യ അഭിരാമിയും അഭിരാമിയുടെ കുഞ്ഞ് റയാനുമാണ് മരിച്ചത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന നിഹുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Discussion about this post