മരിച്ചുപോയ സഹോദരന്റെ പേരില്‍ 24 വര്‍ഷമായി അധ്യാപകനായി ജോലി ചെയ്തിരുന്നയാള്‍ ഒടുവില്‍ പിടിയിലായി. കര്‍ണാടകയിലെ ഹുന്‍സൂരിലാണ് സംഭവം. ലക്ഷ്മണെ ഗൌഡ എന്നയാളാണ് പിടിയിലായത്. അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച സഹോദരന് ലോകേഷ് ഗൗഡ, ജോലിയില്‍ പ്രവേശിക്കും മുമ്പ് മരിച്ചിരുന്നു. തുടര്‍ന്ന് ലോകേഷിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി ലക്ഷ്മണ 1998ല്‍ ജോലിയില്‍ പ്രവേശിച്ചു.
മൈസൂരിനടുത്ത പെരിയപട്ടണത്തെ മുദ്ദനഹള്ളിയിലും ഹുന്‍സൂരിന് സമീപത്തെ കട്ടേമാലാവന്ദി ഹൈ സ്കൂളിലുമായാണ് ഇയാള്‍ ലോകേഷ് എന്ന പേരില്‍ സേവനം ചെയ്തത്. വീട്ടുകാര്‍ക്ക് അറിഞ്ഞുകൊണ്ടുള്ളതായിരുന്നു ഇത്. ഇത്രയും കാലം ആരും തന്നെ ആള്‍മാറാട്ടത്തേക്കുറിച്ച് ഒരു വാക്ക് സംസാരിച്ചില്ല. പ്രദേശവാസികള്‍ക്കും അയല്‍ക്കാര്‍ക്കും സംശയങ്ങള്‍ തോന്നിയെങ്കിലും പരാതികള്‍ രഹസ്യമായി ഒതുക്കി തീര്‍ക്കുകയായിരുന്നു.
24 വര്‍ഷത്തോളം ആര്‍ക്കും പിടികൊടുക്കാതെ നടന്ന തട്ടിപ്പ് പൊളിയാന്‍ കാരണമായത് അടുത്തിടെ കുടുംബത്തിലുണ്ടായ സ്വത്തു തര്‍ക്കമാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് 2019ല്‍ വിവരമറിഞ്ഞ ചില ബന്ധുക്കള്‍ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടം സ്ഥിരീകരിച്ചത്.
പരാതിയില്‍ അന്വേഷണം നടത്തിയ തഹസില്‍ദാരോട് അധ്യാപകന്റെ കുടുംബം സഹകരിക്കാതിരുന്നതോടെയാണ് സംഭവം പുറത്തുവന്നത്. ഇതിനോടകം സമാനമായ പരാതി ലോകായുക്തയിലും എത്തിയിരുന്നു. തുടര്‍ന്ന് ഹുന്‍സൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 24 വര്‍ഷമായി നടത്തിയ ആള്‍മാറാട്ടം മറനീക്കി പുറത്ത് വന്നത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു.
Discussion about this post