ന്യൂഡല്‍ഹി: ഭാര്യയ്ക്കെതിരെ വഞ്ചനാകേസുമായി യുവാവ് സുപ്രീംകോടതിയില്‍. ഭാര്യക്ക് പുരുഷ ജനനേന്ദ്രിയമുള്ളതിനാല്‍ വഞ്ചിച്ചതിന് ക്രിമിനല്‍ പ്രോസിക്യൂട്ട ചെയ്യണമെന്ന ആവശ്യവുമായാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. ആദ്യം ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച്, ഭാര്യക്ക് പുരുഷ ജനനേന്ദ്രിയവും ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ (കന്യാചര്‍മത്തില്‍ ദ്വാരം ഉണ്ടാകാത്ത വൈകല്യം) എന്ന അവസ്ഥയും ഉണ്ടെന്ന് വെളിപ്പെടുത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് യുവാവ് ഹാജരാക്കിയതിനെ തുടര്‍ന്ന് കേസ് പരിഗണിച്ച് യുവതിയോട് പ്രതികരണം തേടി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 420 (വഞ്ചന) പ്രകാരമുള്ള ക്രിമിനല്‍ കുറ്റമാണ് യുവതി ചെയ്തതെന്ന് യുവാവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് എന്‍ കെ മോഡി ബെഞ്ചിനോട് പറഞ്ഞു. ‘അവള് ഒരു പുരുഷനാണ്. ഇത് തീര്‍ച്ചയായും വഞ്ചനയാണ്. ദയവായി മെഡിക്കല്‍ രേഖകള്‍ നോക്കൂ. എന്റെ കക്ഷി ഒരു പുരുഷനെ വിവാഹം കഴിച്ച് വഞ്ചിച്ച കേസാണിത്. അവളുടെ ജനനേന്ദ്രിയത്തെക്കുറിച്ച് അവള്‍ക്ക് തീര്‍ച്ചയായും അറിയാമായിരുന്നു’ – യുവാവിന് വേണ്ടി അഭിഭാഷകന് വാദിച്ചു.
വഞ്ചനാക്കുറ്റത്തിന് യുവതിക്ക് സമന്‍സ് അയച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ 2021 ജൂണിലെ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.
‘നിങ്ങളുടെ കക്ഷി എന്താണ് ആവശ്യപ്പെടുന്നത്?’ എന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. ‘എഫ്ഐആര്‍ ശരിയായ രീതിയില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടണമെന്ന് യുവാവ് ആഗ്രഹിക്കുന്നുവെന്നും ഇയാളെ കബളിപ്പിച്ച് ജീവിതം നശിപ്പിച്ചതിന്റെ അനന്തരഫലങ്ങള്‍ പിതാവിനൊപ്പം ഭാര്യയും നേരിടണമെന്നും അഭിഭാഷകന് പറഞ്ഞു. സ്ത്രീധന പീഡനത്തിന് ഭാര്യയും പരാതി നല്‍കിയിരുന്നു. അതും ചൂണ്ടിക്കാട്ടിയ കോടതി തുടര്‍ന്ന് ആറാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതിക്കും പിതാവിനും മധ്യപ്രദേശ് പൊലീസിനും നോട്ടീസ് അയച്ചു.
Discussion about this post