മൈസൂരു: കാമുകന്റെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ശ്രീരംഗപട്ടണയിലാണ് സംഭവം. ഒരു കുടുംബത്തിലെ 5 പേരെയാണ് ബന്ധു കൂടിയായ യുവതി കൊലപ്പെടുത്തിയത്. കെആര്‍എസ് ബസാര്‍ ലൈനില്‍ താമസിക്കുന്ന ലക്ഷ്മി (30), മക്കളായ രാജു (10), കോമള്‍ (7), കുനാല്‍ (4), ലക്ഷ്മിയുടെ സഹോദരന് ഗണേശിന്റെ മകന് ഗോവിന്ദ് (8) എന്നിവരാണു കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്.
കെആര്‍എസ് ബെലവട്ട സ്വദേശി ലക്ഷ്മി (30) ആണു പിടിയിലായത്. കൊലപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായുള്ള സ്നേഹബന്ധം തകര്‍ന്നതിന്റെ പ്രതികാരമായാണ് ഇവര്‍ ക്രൂരകൃത്യം നടത്തിയത്.
മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണു കൊല ചെയ്ത ലക്ഷ്മി. ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാമുമായി ഇവര്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. വീടുകളില്‍ കയറിയിറങ്ങി തുണിത്തരങ്ങള്‍ വില്‍ക്കുന്നയാളാണ് ഗംഗാറാം. അടുത്തിടെ ഗംഗാറാം ലക്ഷ്മിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതാണ് ഇയാളുടെ ഭാര്യയെയും മക്കളെയും കൊല്ലാനുള്ള കാരണം.
ശനിയാഴ്ച ഗംഗാറാമിന്റെ വീട്ടില്‍ വെട്ടുകത്തിയുമായി എത്തിയ യുവതി ഇത് കുളിമുറിയില്‍ ഒളിപ്പിച്ചു. കുട്ടികളുമായി ഏറെനേരം കളിച്ചതിനു ശേഷം ഇവിടെ നിന്ന് ഭക്ഷണവും കഴിച്ചു. ലക്ഷ്മിയും കുട്ടികളും ഉറങ്ങിയ ശേഷം യുവതി ആദ്യം ലക്ഷ്മിയെ വെട്ടുകയായിരുന്നു. തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു. ഇതിനിടെ സഹോദരന്റെ മകന് ഗോവിന്ദ ഉണര്‍ന്ന് നിലവിളിച്ചതോടെ അവനെയും വെട്ടി. നിലവിളി കേട്ട് ലക്ഷ്മിയുടെ 3 കുട്ടികള്‍ കൂടി ഉണര്‍ന്നതോടെ അവരെയും വെട്ടിവീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് പുലര്‍ച്ചെ 4 വരെ മൃതദേഹങ്ങള്‍ക്കു കാവലിരുന്ന ഇവര്‍ പിന്നീട് കുളിച്ച ശേഷം ചോരപുരണ്ട വസ്ത്രങ്ങള്‍ ബാഗിലാക്കി കെആര്‍എസ് അരളിമര ബസ് സ്റ്റാന്‍ഡിലെത്തി. ബസില്‍ മേട്ടഗള്ളിയിലേക്ക് പോയ ഇവര്‍ വസ്ത്രങ്ങളും വെട്ടുകത്തിയും വരുണ കനാലില്‍ എറിഞ്ഞു. തിരിച്ചെത്തിയ ഇവര്‍ വാര്‍ത്ത കേട്ടതോടെ മറ്റു ബന്ധുക്കള്‍ക്കൊപ്പം കരയുകയും ചെയ്തു. മരിച്ച ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാം മൈസൂരുവില്‍ വസ്ത്രവില്പനയ്ക്കായി പോയതായിരുന്നു. ലക്ഷ്മി ശനിയാഴ്ച ഈ വീട്ടിലെത്തിയതായി അയല്‍വാസികള്‍ നല്കിയ വിവരത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
Discussion about this post