കോഴിക്കോട്: വിവാഹ ദിവസം ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് തുടരന്വേഷണത്തിന്. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥി കളാണ്ടിതാഴം നങ്ങോലത്ത് വീട്ടില്‍ മേഘ (30) യാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്.
‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാന്‍ കഴിയില്ല… എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..’ എന്നാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. യുവതിയുടെ വാക്കുകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് അന്വേഷണം.
രാവിലെ ബ്യൂട്ടിഷ്യന് എത്തിയപ്പോള്‍ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടയ്ക്കുകയായിരുന്നു. പിന്നീട് വാതില്‍ തുറക്കാത്തതിനാല്‍ മുറിയുടെ ജനല്‍ചില്ലു പൊട്ടിച്ചു നോക്കിയപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ വാതില്‍ ചവിട്ടിത്തുറന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രാഥമിക അന്വേഷണത്തില്‍, തലേദിവസം വരെ വീട്ടില്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായാണ് വിവാഹം നിശ്ചയിച്ചത്.
Discussion about this post