കൊല്ലം: യൂട്യൂബില്‍ വൈറലായ ചോട്ടു എന്ന വളര്‍ത്തുനായയെ പൊട്ട കിണറില്‍ ചത്ത നിലയില്‍ കണ്ടെത്തി. കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍ ദിലീപ്കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ചോട്ടു. കഴിഞ്ഞ ഞായര്‍ മുതലാണ് ചോട്ടുവിനെ കാണാതായത്. ചോട്ടുവിനെ കണ്ടെത്താനായി വന്‍ തിരച്ചിലായിരുന്നു നടന്നിരുന്നത്.
സാധാരണയായി ചോട്ടു പൊട്ട കിണറിന്റെ ഭാഗത്തേക്ക് പോകാറില്ല. ഏതെങ്കിലും ജീവിയെ പിന്തുടര്ന്ന് ഇവിടേക്ക് വന്നതാവാം എന്നും ദിലീപ് പറഞ്ഞു. പൊട്ടികരഞ്ഞുകൊണ്ടാണ് ദിലീപ്കുമാര് സംസാരിച്ചത്. കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയിരുന്നില്ല.
ചോട്ടുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറല്‍ പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ ‘പൈറോ’യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ ചോട്ടുവിന്റെ ജഡം കണ്ടെത്തിയത്. ചോട്ടുവിന്റെ ജഡം പോസ്റ്റുമോര്‍ട്ടം നടത്താനാണ് പോലീസിന്റെ തീരുമാനം.
സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു ചോട്ടു. ജനലിന്റെ വാതില്‍ അടയ്ക്കുക, ബൈക്കിന്റെ കീ എടുത്ത് നല്‍കുക, പത്രം വീട്ടിലെത്തിക്കുക തുടങ്ങിയ പ്രവര്‍ത്തികളിലൂടെയാണ് ചോട്ടു താരമായി മാറിയത്.
Discussion about this post