കോട്ടയം: വാവ സുരേഷ് സംസാരിച്ചു. ഡോക്ടര്‍മാരുടെ ചോദ്യത്തിനാണ് സുരേഷ് കൃത്യമായി മറുപടി നല്‍കിയത്. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലായതിന്റെ സൂചനയാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും ഓര്മ തിരിച്ചുകിട്ടിയോ എന്ന് അറിയുന്നതിനും വേണ്ടിയായിരുന്നു ചോദ്യം ചോദിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പേര് ചോദിച്ചപ്പോള്‍, ‘ഞാന്‍ സുരേഷ്, വാവ സുരേഷ്’ എന്ന് വാവ സുരേഷ് മറുപടി നല്കി.
എന്നാല്‍ പാമ്പ് കടിച്ചതിനെക്കുറിച്ച് സുരേഷിനോടു ചോദിച്ചില്ല. ഹൃദയസ്തംഭനം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കിയതെന്നു ഡോ. ജയകുമാര്‍ പറഞ്ഞു.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സുരേഷിനെ ഇന്നലെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിരുന്നു. ഡോക്ടര്‍മാരുടെ സഹായത്തോടെ സുരേഷ് അല്പം നടക്കുകയും ചെയ്തു. ഇന്നുകൂടി ഐസിയുവില്‍ നിരീക്ഷണത്തില്‍ കിടത്തിയ ശേഷം സുരേഷിനെ വാര്‍ഡിലേക്കു മാറ്റും.
Discussion about this post