സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമമുണ്ടായെന്ന് പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയില്‍ എം.ശിവശങ്കര്‍. അശ്വാത്ഥാമാവ് വെറും ഒരു ആന എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് അനുഭവങ്ങള്‍ ശിവശങ്കര്‍ തുറന്നെഴുതിയിരിക്കുന്നത്.
ഡിസി ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുസ്തകം ഇറങ്ങുന്നത്. ശനിയാഴ്ച പുസ്കതം പ്രസിദ്ധീകരിക്കും. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ള കാര്യങ്ങളാണ് ശിവശങ്കറിന്റെ ആത്മകഥയില്‍.
കസ്റ്റംസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ലഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന തന്റെ സഹായം തേടിയെന്നും ശിവശങ്കര്‍ സമ്മതിച്ചു. സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ താന്‍ ഇടപെട്ടെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍ പുസ്തകത്തില്‍ ശിവശങ്കര്‍ തള്ളിക്കളയുന്നു. സ്വപ്നയുടെ നിയമനത്തില്‍ താന്‍ ഇടപെട്ടിട്ടില്ല. ഐ ഫോണ്‍ സമ്മാനിച്ച് സ്വപ്ന തന്നെ ചതിച്ചെന്നും പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.
ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ ഒരധ്യായം ഇത്തവണ ഇറങ്ങിയ പച്ചക്കുതിര മാസികയില്‍ ചേര്‍ത്തിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുകളില്‍ സമ്മര്‍ദമുണ്ടായിരുന്നു എന്ന് ഈ അധ്യായത്തില്‍ പറയുന്നു. ശക്തമായ തെളിവില്ലാതെ അതു ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. തന്നില്‍ നിന്ന് എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന മൊഴി ലഭിക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമമെന്നും ശിവശങ്കര്‍ പറയുന്നു.
സ്വപ്നയുടെ സ്പേസ് പാര്‍ക്കിലെ നിയമനത്തില്‍ ഇടപെട്ടിട്ടില്ല. തന്റെ പേര് സ്വപ്ന ബയോഡേറ്റയില്‍ റഫറന്‍സ് വച്ചത് താന്‍ അറിഞ്ഞിരുന്നില്ല. സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത് കണ്‍സള്‍ട്ടന്‍സിയാണ്, സര്‍ക്കാരിന് അതില്‍ ബന്ധമില്ല.
അന്വേഷണ ഏജന്‍സികളെയും പ്രോസിക്യൂഷനെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തിയാണ് പുസ്തകം. തന്നെ കുറ്റവാളിയാക്കാന്‍ തുടക്കം മുതല്‍ ആസൂത്രിത ശ്രമമുണ്ടായിരുന്നു എന്നാണ് പുസ്തകത്തില്‍ ശിവശങ്കര്‍ പറയുന്നത്. തനിക്ക് ജാമ്യം നിഷേധിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പെരും നുണ പറഞ്ഞെന്നും ശിവശങ്കര്‍ കുറ്റപ്പെടുത്തുന്നു.
Discussion about this post