രണ്ട് പെണ്മക്കളെ കല്യാണം കഴിപ്പിച്ചയച്ചതോടെ കടംകയറി കിടപ്പാടം നഷ്ടപ്പെട്ട വൃദ്ധന് ഒടുവില്‍ ആശ്രയമായത് ബസ് സ്റ്റോപ്പ്. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആനയപ്പപുരം ഗ്രാമത്തിലുള്ള മാടസാമി എന്ന 61കാരനാണ് ഈ ദുര്യോഗമുണ്ടായത്.
ഗ്രാമത്തിലെ ജനപ്രിയ നാടോടി ഗായകനാണ് മാടസാമി. അഞ്ച് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. രണ്ട് പെണ്മക്കളെ കല്യാണം കഴിപ്പിച്ചയച്ചതോടെയാണ് മാടസാമിയുടെ കിടപ്പാടം തന്നെ നഷ്ടപ്പെട്ടത്. പിതാവിന്റെ ദുരിതമറിഞ്ഞിട്ടും പെണ്മക്കള് സഹായിക്കാന്‍ തയ്യാറായിട്ടില്ല.
തന്റെ ദുരിതജീവിതത്തെ കുറിച്ച് മാടസാമി പറയുന്നത് ഇങ്ങനെ:
”ജീവിതം എനിക്ക് ഇങ്ങനെയൊരു ദുര്‍വിധി കാത്തുവച്ചിരിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏറെ സന്തോഷത്തോടെയാണ് ഞാന്‍ ജീവിച്ചത്. എന്റെ ഗ്രാമത്തില്‍ ഞാന്‍ ജനപ്രിയനായിരുന്നു. എന്റെ ഭാര്യയുടെ മരണശേഷം, ഞാന്‍ ശാരീരികമായും മാനസികമായും തളര്‍ന്നു. എന്റെ കടങ്ങള്‍ വര്‍ദ്ധിച്ചു. കടങ്ങള്‍ തീര്‍ക്കാന്‍ വീട് വില്‍ക്കുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു’ അദ്ദേഹം പറഞ്ഞു. സ്വന്തമായ മേല്‍വിലാസമോ, ബാങ്ക് അക്കൗണ്ടോ ഇല്ലാത്തതിനാല്‍ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലിക്ക് പോകാനും കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുറച്ച് വസ്ത്രങ്ങളും ഒരു ടിഫിന്‍ ബോക്സും വെള്ളക്കുപ്പികളും മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈയിലുള്ള ആകെ സമ്പാദ്യം. പകല്‍ സമയത്ത് അദ്ദേഹം കൃഷിയിടങ്ങളില്‍ പണിയ്ക്ക് പോകുന്നു. എന്നാല്‍ ചില ദിവസങ്ങളില്‍ പണി ഒന്നും കിട്ടില്ല. അന്ന് ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും അദ്ദേഹം തെരുവ് തോറും നടന്ന് ഭിക്ഷ യാചിക്കുന്നു. ‘
വീട്ടുവിലാസമില്ലാതെ അദ്ദേഹത്തിന് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ല എന്നതുകൊണ്ട് തന്നെ വാര്‍ദ്ധക്യ പെന്‍ഷനും ലഭിക്കില്ല. തെങ്കാശി ജില്ലാ അധികാരികളുമായി ഐഎഎന്‍എസ് ബന്ധപ്പെട്ടപ്പോള്‍, തങ്ങള്‍ മാടസാമിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും തൊഴിലുറപ്പ് പദ്ധതി വഴി ജോലിയും, വാര്‍ദ്ധക്യകാല പെന്‍ഷനും ലഭിക്കുന്നതിനാവശ്യമുള്ള കാര്യങ്ങള്‍ ഉടനെ ചെയ്യുമെന്നും പറഞ്ഞു.
Discussion about this post