കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്കു തിരിച്ചുവരികയാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പറഞ്ഞു.
നാലു തവണ ചാക്കില്‍നിന്നു പുറത്തു ചാടിയ പാമ്പിനെ അഞ്ചാം തവണ കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് കയറ്റാന്‍ ശ്രമിച്ചപ്പോഴാണു തിങ്കളാഴ്ച സുരേഷിന്റെ വലതുകാലിന്റെ തുടയില്‍ പാമ്പു കടിച്ചത്. പാമ്പുകടിയേറ്റത് പാന്റ്സില്‍ മാത്രമെന്നാണ് വാവ സുരേഷ് ആദ്യം കരുതിയത്. കാലിലെ ചോര കണ്ടപ്പോഴാണ് ദേഹത്തു കടിയേറ്റതായി മനസ്സിലായത്. ഉടനെതന്നെ പാന്റ്സ് മുകളിലേക്കു കയറ്റി ചോര ഞെക്കിക്കളഞ്ഞു.
സുരേഷിന്റെ കയ്യില്‍നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയില്‍ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാര്‍ഡ്ബോര്‍ഡ് ബോക്സിലാക്കി സ്വന്തം കാറില്‍ കൊണ്ടുവച്ച ശേഷമാണ് സ്വയം പ്രഥമശുശ്രൂഷ ചെയ്തത്. തുടര്‍ന്ന് സുരേഷിന്റെ കാറില്‍ത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നു. ചിങ്ങവനത്ത് എത്തിയപ്പോള്‍ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയതോടെ ഛര്‍ദിച്ച് അവശ നിലയിലാവുകയായിരുന്നു.
Discussion about this post