കൊച്ചി: ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സിഐ സുധീര്‍ നേരത്തെയും അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥന്. കൊല്ലത്തെ ഉത്ര കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഈ കേസിലുള്‍പ്പെടെ രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്.
ഉത്രക്കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പോലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂര്‍ത്തിയായത്.
2020 ജൂണില്‍ അഞ്ചല്‍ സിഐയായിരുന്ന സമയത്ത് സുധീര്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച സംഭവവും വിവാദമായിരുന്നു. ഈ സംഭവത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. അന്നത്തെ കൊല്ലം റൂറല്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാര്‍ശ. .
അതേസമയം ആലുവ എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയാ പര്വീന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇന്നലെയാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാനായി മോഫിയ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ തന്നോട് പോലീസ് മോശമായാണ് പെരുമാറിയതെന്നും സിഐ ചീത്ത വിളിച്ചെന്നുമാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
Discussion about this post