കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും സിഐയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍. എടയപ്പുറം സ്വദേശി മോഫിയ പര്വിന് (21) എഴുതിയ കത്തില്‍ പറയുന്നത് ഇങ്ങനെ:
‘പപ്പാ ചാച്ചാ സോറി. എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന് ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന് അനുഭവിക്കും എന്തായാലും. പപ്പ ചാച്ച സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും. അസ്സലാമു അലൈക്കും.’
എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്നു മോഫിയ. മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭര്‍തൃവീട്ടുകാര്‍ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരായ മോഫിയയുടെ പരാതിയില്‍ ഇന്നലെ ഭര്‍തൃവീട്ടുകാരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കിടെ മോഫിയയും ഭര്‍തൃവീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ആലുവ ഈസ്റ്റ് സി.ഐ മോഫിയയെ ശാസിച്ചതായും ഇതില്‍ മകള്‍ക്ക് മനോവിഷമം ഉണ്ടായെന്നും മോഫിയയുടെ പിതാവ് ആരോപിച്ചു.
പോലീസ് സ്റ്റേഷനില്‍ നിന്ന് തിരികെയെത്തിയ മോഫിയ മുറിയില്‍ കയറി വാതിലടച്ചു. ഏറെ സമയം കഴിഞ്ഞും പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് വൈകീട്ട് വീട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
Discussion about this post