മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ജാമ്യത്തിലിറങ്ങി. ആര്യനെ ജയിലിന് മുന്നില്‍ ഷാരൂഖ് ഖാന് സ്വീകരിച്ചു. അറസ്റ്റിലായി നാലാഴ്ചയ്ക്ക് ശേഷമാണ് ആര്യന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിന് പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ എത്തിക്കാത്തത് കൊണ്ടാണ് ജയില്‍ മോചനം ഇന്നത്തേക്ക് നീണ്ടത്.
ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആര്യനുമായി വാഹനവ്യൂഹം ഷാരൂഖിന്റെ വീടായ മന്നത്തിലേക്ക് പോയി. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഷാരൂഖ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയില്ല. ജയിലിന് മുന്നില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു.
ജാമ്യവ്യവസ്ഥകളടക്കം വിശദമാക്കിക്കൊണ്ടുള്ള ജാമ്യ ഉത്തരവ് പുറത്ത് വന്നത് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആണ്. നടി ജൂഹി ചൗള ആര്യന് ആള് ജാമ്യം നിന്നു. രേഖകള്‍ വേഗത്തില്‍ സെഷന്‍സ് കോടതിയില്‍ അഭിഭാഷകര്‍ നാല് മണിയോടെ ഹാജരാക്കി. അഞ്ചര വരെയായിരുന്നു ജയിലില്‍ ഉത്തരവ് എത്തിക്കേണ്ടിയിരുന്നത്.
രാജ്യം വിട്ടു പോകരുത് , പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന് അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.
Discussion about this post