കാസര്‍ഗോഡ്: കാസര്‍ഗോഡ് ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍പി സ്കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി.മാധവിയാണ് (47) മരിച്ചത്.
ബുധനാഴ്ച രാത്രി 8 മണിക്ക് മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കണക്ക് വിഷയത്തില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുകയായിരുന്നു അധ്യാപിക. ആ സമയം അധ്യാപിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ക്ലാസ് തുടരുന്നതിനിടെ ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം’ എന്നു കുട്ടികളോടു പറഞ്ഞു. തുടര്‍ന്ന് ഹോംവര്‍ക്കും നല്‍കിയേശേഷം ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു.
ക്ലാസ് അവസാനിപ്പിച്ചയുടന്‍ സഹോദരന്റെ മകനായ രതീഷിനെ വിളിച്ച് സുഖമില്ലെന്നും പെട്ടെന്നു വരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ രതീഷ് എത്തിയപ്പോള്‍ അധ്യാപിക വീടിനകത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ക്ലാസ് ആരംഭിക്കുമ്പോള്‍ എല്ലാവരോടും വീഡിയോ ഓണാക്കാനും എല്ലാവരെയും ഒന്ന് കാണാനാണെന്നും പറഞ്ഞിരുന്നുവെന്നും അത് പതിവില്ലാത്തതാണെന്നും വിതുമ്പലോടെ ഓര്‍ക്കുകയാണ് വിദ്യാര്‍ഥികള്‍.
പരേതനായ ടി.ബാബുവാണ് ഭര്‍ത്താവ്.
Discussion about this post