തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3, 4 സ്പില്‍വേ ഷട്ടറുകള്‍ 35 സെ.മീ. വീതമാണ് ഉയര്‍ത്തിയത്. രാവിലെ 7 മണിക്ക് തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആദ്യ സ്പില്‍വേ ഷട്ടര്‍ തുറന്നത് 7.29നാണ്. വെള്ളം ഒഴുകുന്ന സ്ഥലങ്ങളില്‍ അതീവ ജാഗ്രതയാണ്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ.
മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. രാജനും 6.45ന് തന്നെ തേക്കടിയില്‍നിന്നു ബോട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എത്തിയിരുന്നു.
7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കി. 7.29ന് മൂന്നാം നമ്പര്‍ ഷട്ടറും 7.30ന് നാലാം നമ്പര്‍ ഷട്ടറും ഉയര്‍ത്തി. രണ്ടു ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. സെക്കന്‍ഡില്‍ 15,117 ലീറ്റര്‍ ജലമാണ് പെരിയറിലൂടെ ഒഴുകുന്നത്. അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്ന ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമില്‍ എത്തും.
2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി.
Discussion about this post