ചെന്നൈ: തമിഴ് കസ്റ്റമറെ, കസ്റ്റമര്‍ കെയര്‍ ഏജന്റ് പരിഹസിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ. ഹിന്ദി അറിയാത്തതിനാല്‍ പണം റീഫണ്ട് ചെയ്യാനാകില്ലെന്ന കസ്റ്റമര്‍ കെയര്‍ ജീവനക്കാരി പറഞ്ഞത് വിവാദമായിരുന്നു. ഇതോടെ തമിഴിലും ഇംഗ്ലീഷിലും വിശദീകരണക്കുറിപ്പുമായി സൊമാറ്റോ രംഗത്തെത്തി. പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കുകയും ചെയ്തു. തങ്ങളുടെ കസ്റ്റമര്‍ കെയര്‍ ജീവനക്കാര്‍ ഭാഷയില്‍ പ്രാവീണ്യരല്ലെന്നും, ഭാഷാ പരമായ വികാരങ്ങള്‍ ഇല്ലെന്നുമായിരുന്നു ഇതിന് നല്കിയ വിശദീകരണം.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണ ഇനങ്ങളില്‍ ഒരെണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് അതിന്റെ പണം റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട തമിഴ്നാട് സ്വദേശി വികാസിനാണ് ദുരനുഭവം ഉണ്ടായത്. ഇത് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
”സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും ഒരു ഇനം നഷ്ടപ്പെടുകയും ചെയ്തു. എനിക്ക് ഹിന്ദി അറിയാത്തതിനാല്‍ തുക തിരികെ നല്‍കാനാവില്ലെന്ന് കസ്റ്റമര്‍ കെയര്‍ പറയുന്നു. ഒരു ഇന്ത്യക്കാരനായ എനിക്ക് ഹിന്ദി അറിയണം എന്ന പാഠവും ഉള്‍ക്കൊള്ളുന്നു. അയാള്‍ക്ക് തമിഴ് അറിയാത്തതിനാല്‍ എന്നെ ഒരു നുണയനാണെന്ന് മുദ്രകുത്തുകയും ചെയ്തു”. – എന്നായിരുന്നു ട്വീറ്റ്.
സൊമാറ്റോ പിന്നീട് തമിഴിലും ഇംഗ്ലീഷിലും സംഭവത്തില്‍ പരസ്യമായി മാപ്പ് പറയുകയും ഉപഭോക്താവിനെ ‘വൈവിധ്യമാര്‍ന്ന സംസ്കാരത്തോടുള്ള അവഗണന കാരണം ഞങ്ങളുടെ ഏജന്റിനെ പിരിച്ചുവിട്ടു’ എന്ന് അറിയിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം, സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍, ബന്ധപ്പെട്ട ജീവനക്കാരിയെ തിരിച്ചെടുക്കുന്നുവെന്ന് ട്വീറ്റ് ചെയ്യുകയും കോള്‍ സെന്റര്‍ ഏജന്റുമാര്‍ ‘ഭാഷകളിലും പ്രാദേശിക വികാരങ്ങളിലും വിദഗ്ദ്ധരല്ല’ എന്നും കൂട്ടിച്ചേര്‍ക്കുകയുമാണ് ഉണ്ടായത്. ‘ഇത് അവള്‍ക്ക് പഠിക്കാനും ഭാവിയില്‍ നന്നായി പ്രവത്തിക്കാനുമാണ്,’ അദ്ദേഹം പറഞ്ഞു.
Discussion about this post