ശബരിമല സന്ദര്‍ശനത്തിനിടെ ഐജി പി വിജയന്റെ ചെരിപ്പ് മോഷണം പോയി. ശബരിമല സന്ദര്‍ശനത്തിന് പോകുന്ന വഴിയില്‍ എരുമേലി വലിയമ്പലത്തില്‍ കയറിയപ്പോഴാണ് ഐജിയുടെ ചെരിപ്പ് കാണാതായത്. നടപ്പന്തലില്‍ അഴിച്ച് വച്ച ചെരിപ്പാണ് കാണാതായത്.സിസിടിവിയുടെ സഹായത്തോടെ കള്ളനെ പോലീസ് കണ്ടെത്തുകയും ചെയ്തു.
ചെരിപ്പ് കാണാതെ അന്വേഷിച്ച ഐജി വിഷയം സി ഐ മനോജ് മാത്യുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ക്ഷേത്രത്തിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചെരിപ്പ് എടുത്തുകൊണ്ടുപോയ ആളെ പിടികൂടിയത്. കള്ളന് മറ്റാരുമല്ല, ഒരു തെരുവുനായ. നായ ചെരിപ്പ് എടുത്ത് കൊണ്ടുപോകുന്നതും പിന്നീട് ഗോപുരത്തിന്റെ വലതുഭാഗത്തെ മൈതാനത്ത് ഉപേക്ഷിക്കുന്നതും സിസിടിവി വഴി കണ്ടെത്തി.
ആധുനിക നിലവാരത്തിലുള്ള 36 ക്യാമറകളാണ് എരുമേലി പട്ടണത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. യുഎസില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്തത്.
Discussion about this post