ബംഗളൂരു: റോഡുകള്‍ മോശമായതിനാല്‍ ആളുകളുടെ വിവാഹം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്കി യുവതി. കര്‍ണാടകയിലാണ് സംഭവം. ദേവംഗരെ ജില്ലയിലെ എച്ച് രാംപുര ഗ്രാമത്തിലെ അധ്യാപികയായ ബിന്ദുവാണ് ഗ്രാമത്തിലെ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതിയത്.
ഗ്രാമത്തിലെ മോശപ്പെട്ട റോഡുകള്‍ കാരണം യുവതികളുടെയും യുവാക്കളുടെയും വിവാഹം മുടങ്ങുന്നെന്നാണ് ബിന്ദു കത്തില്‍ പറയുന്നത്. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് എത്രയും വേഗത്തില്‍ പരിഹാരം കാണണമെന്നും ബിന്ദു ആവശ്യപ്പെടുന്നു. ഗ്രാമത്തിലെ മറ്റ് പ്രശ്നങ്ങളും ബിന്ദു കത്തില്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഗ്രാമത്തില്‍ നല്ല ഗതാഗത സൗകര്യമില്ലെന്നും നല്ല റോഡുകളില്ലാത്തതിനാല്‍ ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമില്ലെന്ന ധാരണയാണ് പുറത്തുള്ളവര്ക്കെന്നും ബിന്ദുവിന്റെ പരാതിയില്‍ പറയുന്നു. അതുകൊണ്ട് തന്നെ വിവാഹാലോചനകള്‍ വരുന്നില്ലെന്നും ബിന്ദു കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കി. എന്നാല്‍ ലഭിച്ച തുക അതിന് മതിയാകില്ല. ടാറിങ്ങിനായി 50 ലക്ഷം മുതല്‍ ഒരു കോടി വരെ ഫണ്ട് വേണം. സര്‍ക്കാറിനോടും എംഎല്‍എയോടും ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫിസര്‍ വ്യക്തമാക്കി.
Discussion about this post