48 മണിക്കൂറിനുള്ളില്‍ 5,000 തൈകള്‍ നട്ട് ‘ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍’ ഇടം പിടിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ വിരുദുനഗറില്‍ നിന്നുള്ള രണ്ടു സഹോദരന്മാര്. വിരുദുനഗര്‍ ജില്ലയിലെ ശിവകാശി താലൂക്കിലെ കല്ലാമനായകന്പട്ടി സ്വദേശികളായ അരുണും ശ്രീകാന്തുമാണ് നേട്ടം കരസ്ഥമാക്കിയത്. ചെന്നൈയിലെ ഒരു സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്യുകയാണ് അരുണ്‍. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ശ്രീകാന്ത്.
ദിവസവും 8 മണിക്കൂറാണ് തൈകള്‍ നടാനായി ഇരുവരും ചെലവഴിച്ചത്. വിരുദുനഗര്‍ ജില്ലയിലും പരിസരത്തും 5,000 തൈകള്‍ നട്ടു കഴിഞ്ഞു. ദിവസവും സൈക്കിളില്‍ പോയിട്ടാണ് 48 മണിക്കൂറിനുള്ളില്‍ തൈകള്‍ നട്ടത്. ആവശ്യത്തിന് വെള്ളം നനച്ചും വേലികെട്ടി തിരിച്ചും ചെടികള്‍ പരിപാലിക്കുന്നുണ്ട്.
തൈകള്‍ നടുന്നതിനായി ആദ്യമേ സ്ഥലം കണ്ടെത്തുകയും അവിടെ തൈകള്‍ കൊണ്ടുവെക്കുകയും ചെയ്തിരുന്നു. ഒരു സൈക്കിള്‍ റാലി ആരംഭിക്കുകയും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ തൈകള്‍ നടാന്‍ ഓരോ സ്ഥലവും സന്ദര്‍ശിക്കുകയും ചെയ്തു.
2019-ല്‍, അവര്‍ ഇരുവരും കന്യാകുമാരിയില്‍ നിന്ന് മുംബൈയിലേക്ക് 11 ദിവസത്തെ സൈക്കിള്‍ റാലി നടത്തിയിരുന്നു. പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനായിരുന്നു അത്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഇത് അംഗീകരിക്കുകയുണ്ടായി. ഇതിന് ശേഷമാണ് ഇപ്പോള്‍ തൈകള്‍ നട്ട് റെക്കോര്‍ഡിട്ടിരിക്കുന്നത്.
Discussion about this post