തിരുവനന്തപുരം: തിരുവനന്തപുരം, കാസര്‍ഗോഡ്, കോട്ടയം ജില്ലകളിലെ കേരള ബാങ്ക് എടിഎമ്മുകളില്‍ നിന്ന് രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടപ്പെട്ടു. വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കേരള ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചു. സോഫ്റ്റ് വെയര്‍ തകരാറാണോ തട്ടിപ്പുകാര്‍ മുതലെടുത്തതെന്ന് സംശയമുണ്ട്.
ഉപഭോക്താക്കള്‍ക്ക് നഷ്ടം ഉണ്ടാകില്ലെന്ന് ബാങ്ക് അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി എടിഎമ്മുകളില്‍ നിന്നും പണം നഷ്ടമാകുന്നത് ശ്രദ്ധിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ബാങ്ക് അക്കൗണ്ടുള്ളവരാണ് കേരള ബാങ്ക് എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ഏത് ബാങ്കിന്റെയും എടിഎമ്മിലും മറ്റേത് ബാങ്കിന്റെയും എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാം. ഉപഭോക്താവിന് പണം കിട്ടുക, പിന്‍വലിക്കുന്ന എടിഎം ഉള്ള ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണ്. ബാങ്കിന് നഷ്ടമാകുന്ന പണം വൈകിട്ടോടെ റിസര്‍വ്വ്ബാങ്കിന്റെ സോഫ്റ്റ്വയര് മുഖേന പണം പിന്‍വലിച്ച ഉപഭോക്താവിന്റെ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും തിരിച്ചെത്തും.
എന്നാല്‍ കേരള ബാങ്കില്‍ നിന്നും തട്ടിപ്പുകാര്‍ പിന്‍വലിക്കുന്ന പണം, പിന്‍വലിക്കുന്ന ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും തിരിച്ചെത്തുന്നില്ല. ബാങ്കിന് പണം നഷ്ടമാകുകയും ചെയ്യുന്നു. ഇങ്ങനെ പണം നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതിപ്പെട്ടത്. കേരള ബാങ്കിന്റെ സോഫ്റ്റ്വയര് പിഴവാകാം കാരണമെന്നും സംശയമുണ്ട്. ഹൈ ടെക് തട്ടിപ്പ് സംഘം വ്യാജ എടിഎം ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
Discussion about this post