ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് തള്ളിയത്. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, കെടി ജലീല്‍ എംഎല്‍എ മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞമ്മദ്, ഇപി ജയരാജന്, സികെ സദാശിവന്, കെ അജിത്ത് എന്നിവരടക്കം കേസില്‍ പ്രതികളായ ആറ് നേതാക്കളും വിചാരണ നേരിടേണ്ടി വരും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ നിയമസഭാ കൈയ്യാങ്കളി കേസിന്റെ വിചാരണ പുനരാരംഭിക്കും.
ജനപ്രതിനിധികള്‍ക്ക് എല്ലായിപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്, കെ ടി ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. 2015 മാര്‍ച്ച് 13-ന് ബജറ്റ് അവതരണദിനത്തിലാണ് ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താന്‍ പ്രതിഷേധം നടന്നത്. ഇത് കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.
Discussion about this post